ബൈജൂസിന്റെ ഏറ്റെടുക്കല്‍ തുടരുന്നു; സിംഗപ്പൂരിലെ നോര്‍ത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എജ്യുക്കേഷനെ സ്വന്തമാക്കി

May 12, 2022 |
|
News

                  ബൈജൂസിന്റെ ഏറ്റെടുക്കല്‍ തുടരുന്നു; സിംഗപ്പൂരിലെ നോര്‍ത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എജ്യുക്കേഷനെ സ്വന്തമാക്കി

ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ലേണിംഗ് സിംഗപ്പൂരിലെ എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസ സ്ഥാപനമായ നോര്‍ത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എജ്യുക്കേഷനെ ഏറ്റെടുത്തു. ഏകദേശം 100 മില്യണ്‍ ഡോളറിനാണ് പുതിയ ഏറ്റെടുക്കല്‍. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 600 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ഗ്രേറ്റ് ലേണിംഗിനെ ബൈജൂസ് സ്വന്തമാക്കിയത്. എക്സിക്യൂട്ടീവ് വിദ്യാഭ്യാസ മേഖലയില്‍ ബെംഗളൂരു ആസ്ഥാനമായുള്ള ബൈജൂസിന്റെ പുതിയ നിക്ഷേപമാണിത്.

2015-ല്‍ സ്ഥാപിതമായ നോര്‍ത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷന്‍ മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ഇന്നൊവേഷന്‍, മറ്റ് ഡിമാന്‍ഡ് എക്‌സിക്യൂട്ടീവ് ലേണിംഗ് മേഖലകളില്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 50-ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നോര്‍ത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എജ്യുക്കേഷന്റെ കീഴില്‍ പ്രോഗ്രമുകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏറ്റെടുക്കലിനുശേഷം, നോര്‍ത്ത് വെസ്റ്റ് ഒരു സ്വതന്ത്ര സ്ഥാപനമായി തന്നെ തുടരുമെന്നും അതിന്റെ സഹസ്ഥാപകരായ മോഹിത് ജെയിന്‍, തംഹന്ത് ജെയിന്‍, മൈത്രേയി സിംഗ്വി എന്നിവര്‍ അതിന്റെ നേതൃത്വത്തിലുണ്ടാകുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് വെസ്റ്റിന് എംഐടി, യുസി ബെര്‍ക്ക്‌ലി, യേല്‍, യുസിഎല്‍എ, യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ തുടങ്ങിയ സര്‍വ്വകലാശാലകളുമായി പങ്കാളിത്തമുണ്ട്. കഴിഞ്ഞ വര്‍ഷം ബൈജുവിന്റെ ഏറ്റെടുക്കലിന് ശേഷം ഗ്രേറ്റ് ലേണിംഗ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ഇപ്പോള്‍ 170-ലധികം രാജ്യങ്ങളില്‍ നിന്നായി നാല് ദശലക്ഷം പഠിതാക്കളാണുള്ളത്.

സില്‍വര്‍ ലേക്ക്, ബ്ലാക്ക്‌റോക്ക്, മറ്റ് നിക്ഷേപകര്‍ എന്നിവരുടെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം രണ്ട് ബില്യണിലധികം ഡോളറിന്റെ ഏറ്റെടുക്കലുകളാണ് ബൈജൂസ് നടത്തിയത്. ഏകദേശം 1 ബില്യണ്‍ ഡോളറായിരുന്നു ആകാശ് ഇടപാടിന്റെ മൂല്യം. എപിക്, ടോപ്പര്‍ എന്നിവ ബൈജൂസിന്റെ മറ്റ് പ്രമുഖ ഏറ്റെടുക്കലുകളാണ്. മാര്‍ച്ചില്‍ 800 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് പ്രഖ്യാപിച്ചതിന് ശേഷം ബൈജൂസിന്റെ മൂല്യം 22 ബില്യണ്‍ ഡോളറാണ്.

Related Articles

© 2025 Financial Views. All Rights Reserved