ആകാശ് എജുക്കേഷണല്‍ സര്‍വീസ് ഏറ്റെടുത്ത് ബൈജൂസ്; ഇടപാട് ഒരു ബില്യണ്‍ ഡോളറിന്റേത്

April 07, 2021 |
|
News

                  ആകാശ് എജുക്കേഷണല്‍ സര്‍വീസ് ഏറ്റെടുത്ത് ബൈജൂസ്;  ഇടപാട് ഒരു ബില്യണ്‍ ഡോളറിന്റേത്

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളിലൊന്നായ ആകാശ് എജുക്കേഷണല്‍ സര്‍വീസ് ലിമിറ്റഡ് കമ്പനിയെ ബൈജൂസ് ഏറ്റെടുത്തു. ഒരു ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്. എന്നാല്‍ ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസ വിപണിയിലെയും ബൈജൂസിന്റെയും ഏറ്റവും വലിയ ഇടപാടാണിത്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ, ആകാശിന്റെ സ്ഥാപകരും നിക്ഷേപകരായ ബ്ലാക്സ്റ്റോണും ബൈജൂസിന്റെ ഓഹരിയുടമകളായി മാറും.

ആകാശിനെ തങ്ങളുടെ ഒപ്പം ചേര്‍ക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു. ഒരുമിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുയോജ്യവും മികച്ചതുമായ വിദ്യാഭ്യാസ സഹായം എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മഹാമാരി തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഈ പങ്കാളിത്തം ആകാശ് എജുക്കേഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ വളര്‍ച്ചയുടെ വേഗത കൂട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ ചാന്‍ സുക്കര്‍ബെര്‍ഗും ചേര്‍ന്നുനടത്തുന്ന നിക്ഷേപക സംരംഭം, സെക്വയ, ടൈഗര്‍ ഗ്ലോബല്‍, മേരി മീക്കര്‍, യൂരീ മില്‍നര്‍, ടെന്‍സെന്റ് തുടങ്ങിയ ആഗോള നിക്ഷേപകര്‍ പലരും ബൈജൂസില്‍ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുവരെ 200 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ്ങാണ് ബൈജൂസ് നേടിയിട്ടുള്ളത്. 60-70 കോടി ഡോളര്‍ കൂടി സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.

ഏതാണ്ട് 33 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനമാണ് ആകാശ് എജുക്കേഷണല്‍ സര്‍വീസ് ലിമിറ്റഡ്. കമ്പനിയില്‍ വരും ദിവസങ്ങളില്‍ ബൈജൂസ് കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് 215 സെന്ററുകളിലായി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സഹായമാണ് സ്ഥാപനം നല്‍കുന്നത്. നിലവില്‍ 80 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് ബൈജൂസിനെ ആശ്രയിക്കുന്നത്. 5.5 ദശലക്ഷം പെയ്ഡ് സബ്‌സ്‌ക്രിപ്ഷനും കമ്പനിക്കുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved