
ബെംഗളൂരു: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപിക് എന്ന ഓണ്‍ലൈന്‍ റീഡിങ് പ്ലാറ്റ്‌ഫോമിനെ ഏറ്റെടുക്കാന്‍ ബൈജൂസ് ആലോചിക്കുന്നതായി വാര്‍ത്ത. അമേരിക്കന്‍ വിപണിയില്‍ അടിവെച്ചടിവെച്ച് മുന്നേറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബൈജൂസിന്റെ ഈ നീക്കം. 250 പബ്ലിഷേര്‍സിന്റേതായി 40000ത്തിലധികം പുസ്തകങ്ങള്‍ ഉള്ള ഒരു പ്ലാറ്റ്‌ഫോമാണ് എപിക്. 12 വയസില്‍ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം.
300 ദശലക്ഷം ഡോളറിന്റേതാണ് ഇടപാടെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 20 ദശലക്ഷം കുട്ടികള്‍ വായനക്കാരുണ്ടായ ഇടത്ത് നിന്ന് 50 ദശലക്ഷം കുട്ടികള്‍ വായനക്കാരായുള്ള കമ്പനിയായി എപിക് വളര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം കുട്ടികള്‍ ഒരു ബില്യണ്‍ പുസ്തകങ്ങളാണ് എപികില്‍ നിന്ന് വായിച്ചത്.
പത്ത് ലക്ഷത്തിലേറെ അധ്യാപകരും ഈ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നുണ്ട്. ഇടപാട് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അമേരിക്കന്‍ വിപണിയില്‍ നിന്ന് ബൈജൂസ് ഏറ്റെടുക്കുന്ന രണ്ടാമത്തെ കമ്പനിയാവും ഇത്. 2019 ലാണ് ബൈജൂസ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒസ്മൊ എന്ന ഗെയിമിങ് കമ്പനിയെ ഏറ്റെടുത്തത്. 120 ദശലക്ഷം ഡോളര്‍ മൂല്യമുള്ളതായിരുന്നു ഇടപാട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബൈജൂസ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹാറ്റ് ജൂനിയര്‍ എന്ന സ്ഥാപനവും ഏറ്റെടുത്തിരുന്നു.