ഐപിഒയ്ക്ക് മുമ്പായി ഈ വര്‍ഷത്തെ ഒമ്പതാമത്തെ ഏറ്റെടുക്കലുമായി ബൈജൂസ്; ഇടപാട് 200 മില്യണ്‍ ഡോളറിന്റേത്

September 18, 2021 |
|
News

                  ഐപിഒയ്ക്ക് മുമ്പായി ഈ വര്‍ഷത്തെ ഒമ്പതാമത്തെ ഏറ്റെടുക്കലുമായി ബൈജൂസ്; ഇടപാട് 200 മില്യണ്‍ ഡോളറിന്റേത്

ഐപിഒയ്ക്ക് മുമ്പ് ഈ വര്‍ഷത്തെ ഒമ്പതാമത്തെ ഏറ്റെടുക്കലുമായി ബൈജൂസ്. യുഎസ് കോഡിംഗ് പ്ലാറ്റ്ഫോമായ ടിങ്കറിനെയാണ് 200 മില്യണ്‍ ഡോളറിന് ഓാണ്‍ലൈന്‍ വിദ്യാഭ്യാസ ഭീമനായ ബൈജൂസ് സ്വന്തമാക്കിയത്. അടുത്തവര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുമ്പായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കല്‍.

എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലോ സ്‌കൂളിലോ ഇരുന്ന് കോഡ് പഠിക്കാനുള്ള സേവനമാണ് യുഎസ് കമ്പനിയായ ടിങ്കര്‍ നല്‍കുന്നത്. 100,000 സ്‌കൂളുകളിലും 150 രാജ്യങ്ങളിലുമായി 60 ദശലക്ഷത്തിലധികം കുട്ടികളാണ് ടിങ്കറിന്റെ കോഡിംഗ് പാഠ്യപദ്ധതി ഉപയോഗിച്ചിട്ടുള്ളത്. അടുത്തിടെ, യുഎസ് ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്ഫോമായ എപിക്കിനെയും ബൈജൂസ് ഏറ്റെടുത്തിരുന്നു. 500 മില്ല്യണ്‍ ഡോളറിനാണ് എപിക്കിനെ സ്വന്തമാക്കിയത്. കൂടാതെ, ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്ടെക് കമ്പനിയായ ബൈജൂസിന് 1 ബില്ല്യണ്‍ ഡോളര്‍ നോര്‍ത്ത് അമേരിക്കയില്‍ നിക്ഷേപിക്കാനും പദ്ധതിയിടുന്നുണ്ട്.

പുതിയ ഏറ്റെടുക്കലുകളിലൂടെയും നിക്ഷേപത്തിലൂടെയും യുഎസിലെ ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും പങ്കാളിത്തം വര്‍ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഏറ്റെടുക്കലിന്റെ ഭാഗമായി, ടിങ്കറിന്റെ മുന്ന് സഹസ്ഥാപകര്‍ക്ക് പുറമെ 50 അംഗങ്ങളുള്ള ടീമും ബൈജൂസിനൊപ്പം ചേരും. നിലവില്‍, ഫ്രീ പ്ലാറ്റ്ഫോമില്‍ 100 ദശലക്ഷം വിദ്യാര്‍ത്ഥികളും 7 ദശലക്ഷം പെയ്ഡ് സബ്സ്‌ക്രൈബേഴ്സുമാണ് ബൈജൂസിനുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved