
ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ലേണിങ് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ബൈജൂസ് പ്രമുഖ എതിരാളിയായ ടോപര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെ വിലയ്ക്ക് വാങ്ങുന്നു. 150 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. 5 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായിയാണ് ടോപര്‍.
സെയ്ഫ് പാര്‍ട്‌ണേര്‍സ്, ഹെലിയോണ്‍ വെഞ്ച്വേര്‍സ് തുടങ്ങിയ കമ്പനികളുടെ പിന്തുണയോടെയാണ് ടോപറിന്റെ പ്രവര്‍ത്തനം. കൊവിഡ് കാലത്ത് എഡ്-ടെക് രംഗത്ത് വന്‍ കുതിപ്പുണ്ടാക്കിയ ബൈജൂസിന്റെ ഏറ്റവും പുതിയ ലക്ഷ്യമാണ് ഈ കമ്പനി. അതിവേഗം വികാസം ലക്ഷ്യമിട്ടാണ് ബൈജൂസിന്റെ മുന്നോട്ട് പോക്ക്. കഴിഞ്ഞ മാസമാണ് ആകാശ് എജുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിനെ ഒരു ബില്യണ്‍ ഡോളറിന് വാങ്ങാന്‍ ബൈജൂസ് തീരുമാനിച്ചത്.
ഈ വില്‍പ്പനയെ കുറിച്ച് ബൈജൂസോ ടോപറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2011 ല്‍ ബെംഗളൂരുവില്‍ ജന്മമെടുത്ത ബൈജൂസ് ഇന്ന് ലോകരാജ്യങ്ങളില്‍ അറിയപ്പെടുന്ന കമ്പനിയായി വളര്‍ന്നുകഴിഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടോപര്‍. വീഡിയോ ക്ലാസ്, മോക് ടെസ്റ്റ്, റിവിഷന്‍ കാര്‍ഡ്, ഇന്‍സ്റ്റഗ്രാം സ്റ്റോറീസ്, ലൈവ് സപ്പോര്‍ട്ട് തുടങ്ങി സാധ്യമായ എല്ലാ വഴികളിലൂടെയും വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച ടോപറിനൊപ്പം 16 ദശലക്ഷം വിദ്യാര്‍ത്ഥികളുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.