ഡെക്കാകോണ്‍ പദവിയിലേക്ക് ഉയര്‍ന്ന് 'ബൈജൂസ്'

May 04, 2020 |
|
News

                  ഡെക്കാകോണ്‍ പദവിയിലേക്ക് ഉയര്‍ന്ന് 'ബൈജൂസ്'

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പായ 'ബൈജൂസ്' ഡെക്കാകോണ്‍ പദവിയിലേക്ക്. 1,000 കോടി ഡോളര്‍ (ഏകദേശം 76,000 കോടി രൂപ) മൂല്യം കണക്കാക്കി പുതിയ നിക്ഷേപം സ്വീകരിക്കുന്നതോടെയാണ് 'ഡെക്കാകോണ്‍' പദവിയിലെത്തുക. 40 കോടി ഡോളര്‍ (ഏകദേശം 3,040 കോടി രൂപ) സ്വരൂപിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപം നേടാനായാല്‍ ഏറ്റവും മൂല്യമുള്ള രാജ്യത്തെ രണ്ടാമത്തെ സ്റ്റാര്‍ട്ട് അപ്പായി ബൈജൂസ് മാറും. 1,600 കോടി ഡോളര്‍ മൂല്യമുള്ള പേടിഎമ്മാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പ്. ഹോട്ടല്‍ ബുക്കിങ് സൈറ്റായ 'ഓയോ'ക്കും 1,000 കോടി ഡോളര്‍ മൂല്യമാണ് കണക്കാക്കുന്നത്.

800 കോടി ഡോളര്‍ മൂല്യം കണക്കാക്കി നിക്ഷേപ സ്ഥാപനങ്ങളായ ജനറല്‍ അറ്റ്്‌ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍ എന്നിവയില്‍ നിന്ന് ജനുവരി-ഫെബ്രുവരി കാലയളവില്‍ 40 കോടി ഡോളര്‍ ബൈജൂസ് നേടിയിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തിലാണ് കമ്പനി ലാഭത്തിലായത്. 13 തവണകളായി മൊത്തം 120 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നേടിയത്. കോവിഡ്-19 ആരംഭിച്ചതിനു ശേഷം ബൈജൂസ് ഉപയോഗിക്കുന്നവരുടെ എണ്ണം 150 ശതമാനത്തോളം വര്‍ധിച്ചുവെന്നാണ് കണക്ക്.

എന്താണ് ഡെക്കാകോണ്‍ ?

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 1,000 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകളെയാണ് 'ഡെക്കാകോണ്‍' എന്നു പറയുന്നത്. ഇപ്പോഴത്തെ ഡോളര്‍ മൂല്യം അനുസരിച്ച് ഏകദേശം 76,000 കോടി രൂപ. 100 കോടി ഡോളര്‍ അതായത് ഏകദേശം 7,600 കോടി രൂപ മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകളെ 'യൂണികോണ്‍' എന്നു വിശേഷിപ്പിക്കുന്നതു പോലെയാണ് ഇത്.

Related Articles

© 2025 Financial Views. All Rights Reserved