വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവയ്ക്കാന്‍ ബൈഡന്റെ നിര്‍ദേശം; പിന്നാലെ ഒറാക്കിളുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ടിക്ടോക്ക്

February 17, 2021 |
|
News

                  വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവയ്ക്കാന്‍ ബൈഡന്റെ നിര്‍ദേശം; പിന്നാലെ ഒറാക്കിളുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ടിക്ടോക്ക്

ന്യൂയോര്‍ക്ക്: ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയിലെ പുതിയ ബൈഡന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പാണ് എത്തിയത്. ഈ രണ്ട് ആപ്പുകള്‍ക്കുമെതിരെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് നിരോധന നടപടികള്‍ ആരംഭിച്ചത്. നിയമ നടപടി നിര്‍ത്തിവെച്ചത്തോടെ രണ്ട് ആപ്പുകള്‍ക്കും അമേരിക്കയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവുമെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഇരു കമ്പനികളും നിരോധന നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇരു ആപ്പുകളും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്നതില്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് കാണിച്ചാണ് ബൈഡന്‍ ഭരണകൂടം ട്രംപ് ആരംഭിച്ച നിയം നടപടികള്‍ വിവിധ ഫെഡറല്‍ ഏജന്‍സികള്‍ നിര്‍ത്തിവച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ടിക്ടോക് അവസാനിപ്പിക്കുക അല്ലെങ്കില്‍ ഏതെങ്കിലും അമേരിക്കന്‍ കമ്പനിയ്ക്ക് ടിക്ടോക്ക് കൈമാറുക എന്ന മുന്നറിയിപ്പാണ് ട്രംപ് ടിക്ടോക്ക് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായി ഒറാക്കിള്‍, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളുമായി ബൈറ്റ്ഡാന്‍സ് ചര്‍ച്ച നടത്തിയിരുന്നു. പുതിയ സംഭവ വികാസത്തോടെ ഇതിലും ട്വിസ്റ്റ് സംഭവിച്ചിട്ടുണ്ട്.

ടിക്ടോക്ക് അമേരിക്കയിലെ ഏതെങ്കിലും സ്ഥാപനത്തിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബൈറ്റ്ഡാന്‍സ് ഒറാക്കിളുമായി ഏതാണ്ട് ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും അനുമതിയായതോടെ വില്‍പ്പന കാര്യത്തില്‍ നിന്നും ടിക്ടോക്ക് മാതൃകമ്പനി പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ഒറാക്കിളുമായുള്ള ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞ ദിവസം ടിക്ടോക്ക് അവസാനിപ്പിച്ചു.

Related Articles

© 2025 Financial Views. All Rights Reserved