
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് എയര്‍പ്പോര്‍ട്ടുകളുടെ നടത്തിപ്പവകാശം കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൈമാറി. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതിയും ലഭിച്ചു. അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു എന്നീ എയര്‍പ്പോര്‍ട്ടുകളുടെ നടത്തിപ്പാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള അന്തിമ അനുമതി കേന്ദ്ര മന്ത്രിസഭ നല്‍കിയത്. 50 വര്‍ഷത്തെ കരാറിനാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം രാജ്യത്തെ എയര്‍പ്പോര്‍ട്ടുകളുടെ നടത്തിപ്പവകാശം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. നേരത്തെ ആറ് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പവകാശമാണ് കേന്ദ്രസര്‍ക്കാര്‍ അദാനി എന്റര്‍പ്രൈസസിന് കൈമാറാന്‍ ആലോചിച്ചത്. എന്നാല്‍ വിവിധ ഭാഗത്ത് നിന്നുള്ള എതിര്‍പ്പുകള്‍ മൂലമാണ് മൂന്ന് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര മന്ത്രിസഭ പുറത്തിറക്കിയിട്ടില്ല. തിരുവനന്തുപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാറിന് നേരെ ഉയര്‍ത്തിയത്. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേന്ദ്രസര്‍ക്കാറിന് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ സാധ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
അതേസമയം തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച് പുനരാലോചിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശമാണ് അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയത്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയാല്‍ സംസ്ഥാനത്തിന്റെ സഹകരണം ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം തന്നെയാണ് കേന്ദ്രസര്‍ക്കാറിനെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചത്.