
ന്യൂഡല്‍ഹി: സര്‍ക്കാരിന്റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ഭൂമി വില്‍ക്കാന്‍ പ്രത്യേക കോര്‍പ്പറേഷന്‍. നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. പുതിയ സ്ഥാപനത്തിന് 5000 കോടി രൂപ പ്രാരംഭ ഓഹരി മൂലധനവും 150 കോടിയുടെ പെയ്ഡ് അപ് ഷെയര്‍ കാപ്പിറ്റലുമുണ്ടാവും.
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും മിച്ചഭൂമിയും കെട്ടിടങ്ങളും വരുമാനമാക്കിമാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഭൂമിയും കെട്ടിടങ്ങളും കോര്‍പറേഷന്‍ ഏറ്റെടുക്കും. ഉടമസ്ഥാവകാശം കൈമാറാതെ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേയ്ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സര്‍ക്കാറിന്റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ആസ്തികള്‍ പണമാക്കി മാറ്റുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. 3400 ഏക്കറോളം വരുന്ന ഭൂമി ഇത്തരത്തില്‍ ഉപയോഗിക്കാതെയുണ്ടെന്നാണ് കണക്ക്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ബി&ആര്‍, ഭാരത് പെട്രോളിയം, ഭെമല്‍, എച്ച്എംടി തുടങ്ങിയ സ്ഥാപനങ്ങളുടേയെല്ലാം ആസ്തികള്‍ പണമാക്കി മാറ്റും.
നേരത്തെ കേന്ദ്രബജറ്റില്‍ കേന്ദ്രസര്‍ക്കാറിന്റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ആസ്തി പണമാക്കാന്‍ പ്രത്യേക സ്ഥാപനത്തിന് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.