കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ ഭാരത്നെറ്റ്; 19,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

July 01, 2021 |
|
News

                  കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ ഭാരത്നെറ്റ്;  19,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) ഭാരത്നെറ്റ് നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമേ ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 19,041 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.

ശേഷിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും ഭാരത്നെറ്റ് വ്യാപിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഈ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള രീതികള്‍ പ്രത്യേകം പരിശീലിപ്പിക്കും. പിപിപി മാതൃകയിലുള്ള പ്രവര്‍ത്തനം, പരിപാലനം, വിനിയോഗം, വരുമാനം എന്നിവയില്‍ സ്വകാര്യമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. വിശ്വസനീയവും ഗുണനിലവാരമുള്ളതും അതിവേഗ ബ്രോഡ്ബാന്‍ഡ് ഉള്ളതുമായ എല്ലാ ഗ്രാമങ്ങളിലേക്കും ഭാരത്നെറ്റിന്റെ വ്യാപനം വിപുലീകരിക്കുന്നതിലൂടെ വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന ഇ-സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാന്‍ കഴിയും. 

ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ടെലിമെഡിസിന്‍, നൈപുണ്യ വികസനം, ഇ-കൊമേഴ്‌സ്, ബ്രോഡ്ബാന്‍ഡിന്റെ മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവയും ഇത് പ്രാപ്തമാക്കും.വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ വ്യാപനം, ഡാര്‍ക്ക് ഫൈബര്‍ വില്‍പ്പന, മൊബൈല്‍ ടവറുകളുടെ ഫൈബര്‍വല്‍ക്കരണം, ഇ-കൊമേഴ്‌സ് തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടെലികോം മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡിന്റെ വ്യാപനം ഡിജിറ്റല്‍ പ്രാപ്യതയുടെ ഗ്രാമീണ-നഗര വിഭജനം ഇല്ലാതാക്കുകയും ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. ബ്രോഡ്ബാന്‍ഡിന്റെ വരവും വ്യാപനവും പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍, വരുമാനമുണ്ടാക്കല്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിപിപി മാതൃകയ വിഭാവനം ചെയ്യുന്ന സംസ്ഥാനങ്ങള്‍ സൗജന്യ അവകാശത്തിനുള്ള വഴിയൊരുക്കും. ഭാരത്നെറ്റിനായുള്ള പിപിപി മാതൃക കാര്യക്ഷമത, സേവന നിലവാരം, ഉപഭോക്തൃ അനുഭവം, സ്വകാര്യമേഖലയിലെ വൈദഗ്ദ്ധ്യം, സംരംഭകത്വം, ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടം ത്വരിതപ്പെടുത്താനുള്ള ശേഷി എന്നിവ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved