ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

December 16, 2021 |
|
News

                  ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്ത് സെമി കണ്ടക്ടര്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎല്‍ഐ)യില്‍ ഉള്‍പ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ അര്‍ധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കോമ്പൗണ്ട് സെമികണ്ടക്ടര്‍ വേഫര്‍ ഫാബ്രിക്കേഷന്‍(ഫാബ്) അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് എന്നിവ ഉള്‍പ്പടെയുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് മൂലധനചെലവിന്റെ 25ശതമാനംവരെ ആനുകൂല്യം നല്‍കുന്നതാണ് പദ്ധതി.

അര്‍ധചാലക ഘടകങ്ങള്‍ രൂപകല്പനചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമായി 10 യൂണിറ്റുകളും സെമികണ്ടക്ടര്‍ ഡിസ്പ്ലെകള്‍ക്കായി രണ്ടുയൂണിറ്റുകളും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 1.7 ലക്ഷംകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക്, ഇന്റല്‍, ക്വാല്‍കോം, ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് തുടങ്ങിയ ആഗോള കമ്പനികളെ ആകര്‍ഷിക്കാന്‍ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര്‍ധചാലകങ്ങള്‍ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും തയ്യാറാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവും നല്‍കും.

ഇലക്ട്രോണിക് ഉത്പന്നങ്ങളിലെ പ്രധാനഘടകമായ അര്‍ധചാലകങ്ങളുടെ ലഭ്യതക്കുറവ് ലോകമാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പദ്ധതിയെന്നത് ശ്രദ്ധേയമാണ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഉത്പാദനകേന്ദ്രങ്ങള്‍ അടച്ചിട്ടതും വിതരണമേഖലയിലുണ്ടായ തടസ്സവുംമൂലം ആഗോളതലത്തില്‍ ചിപ്പിന്റെ ലഭ്യതയില്‍ വന്‍കുറവുണ്ടായിരുന്നു. സ്മാര്‍ട്ഫോണ്‍, ലാപ്ടോപ്, കാറ്, വീട്ടുപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയുംചെയ്തു. ക്ഷാമംകാരണം ആഗോളതലത്തില്‍ കാറുകളുടെ ഉത്പാദനത്തിലും കഴിഞ്ഞമാസങ്ങളില്‍ കുത്തനെ ഇടിവുണ്ടായി.

Related Articles

© 2025 Financial Views. All Rights Reserved