പാമോയില്‍ ഇറക്കുമതി കുറയ്ക്കുന്നതിന് പദ്ധതിയൊരുക്കി കേന്ദ്രം; ചെലവ് 11,040 കോടി രൂപ

August 19, 2021 |
|
News

                  പാമോയില്‍ ഇറക്കുമതി കുറയ്ക്കുന്നതിന് പദ്ധതിയൊരുക്കി കേന്ദ്രം; ചെലവ് 11,040 കോടി രൂപ

രാജ്യത്തേയ്ക്കുള്ള പാമോയില്‍ ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമായി പദ്ധതിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 'നാഷണല്‍ മിഷന്‍ ഓണ്‍ എഡിബിള്‍ ഓയില്‍- ഓയില്‍ പാം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ പാചക എണ്ണയുടെ വില കുത്തനെ കുറയ്ക്കുമെന്നാണു വിലയിരുത്തല്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേയും അനുകൂല സാഹചര്യം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. 11,040 കോടി രൂപയാണ് പദ്ധതിക്കു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 8,844 കോടി രൂപ കേന്ദ്ര വിഹിതവും 2,196 കോടി രൂപ അതാത് സംസ്ഥാനങ്ങളുടെ വിഹിതവുമാകും.

ഈ മാസം ആദ്യം പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കിയിരുന്നു. മികച്ച എണ്ണക്കുരുക്കളും സങ്കേതികവിദ്യയും കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നിലവില്‍ രാജ്യത്ത് 3.70 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് പാമോയില്‍ കൃഷി നടക്കുന്നത്. 2025- 26 ഓടെ ഇത് 6.5 ലക്ഷം ഹെക്ടര്‍ വര്‍ധിപ്പിച്ച് 10 ലക്ഷം ഹെക്ടറില്ലെങ്കിലും പാമോയില്‍ കൃഷി സാധ്യമാക്കാനാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ തീരുമാനം. 2025 ഓടെ രാജ്യത്തെ പാമോയില്‍ ഉല്‍പ്പാദനം 11.20 ലക്ഷം ടണ്ണിലും 2030 ഓടെ 28 ലക്ഷം ടണ്ണിലുമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓയില്‍ പാം റിസര്‍ച്ച് കഴിഞ്ഞവര്‍ഷം നടത്തിയ വിലയിരുത്തല്‍ പ്രകാരം രാജ്യത്ത് പാമോയില്‍ കൃഷിക്ക് അനുയോജ്യമായ 28 ലക്ഷം ഹെക്ടര്‍ ഭൂമിയുണ്ട്. ഇതില്‍ മൂന്നില്‍ ഒരു ഭാഗം അതായത് ഏകദേശം ഒമ്പത് ഹെക്ടര്‍ ഭൂമിയും വടക്കു കിഴക്കന്‍ ഇന്ത്യയിലാണ്. പാമോയിലിന് പകരം മറ്റു എണ്ണക്കുരുക്കളെ പറ്റി നിലവില്‍ ആലോചിക്കുന്നില്ലെന്നു തോമര്‍ വ്യക്തമാക്കി. മറ്റു എണ്ണക്കുരുക്കളെ അപേക്ഷിച്ച് ഒരു ഹെക്ടറില്‍ നിന്നു 10- 46 മടങ്ങ് പാമോയില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഹെക്ടര്‍ കൃഷിയില്‍നിന്ന് നാല് ടണ്‍ പാമോയില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പാമോയില്‍ ആവശ്യകതയുടെ ഭൂരിഭാഗവും നിലവില്‍ നിറവേറ്റുന്നത് ഇറക്കുമതി വഴിയാണ്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയാണ് പാമോയില്‍ ഇറക്കുമതിക്ക് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. ഇന്ത്യയുടെ പ്രതിവര്‍ഷ ആവശ്യകതയുടെ 10- 15 ശതമാനം മാത്രമാണ് രാജ്യത്തിനകത്ത് നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്നതു വഴി കോടികളുടെ നഷ്ടമാണ് പ്രതിവര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നത്. രാജ്യത്ത് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടെ ഇറക്കുമതി കുറയ്ക്കുന്നതിനൊപ്പം വിലയും പിടിച്ചു നിര്‍ത്താനാകും.

Related Articles

© 2024 Financial Views. All Rights Reserved