
ന്യൂഡല്‍ഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) വിപണി, വായ്പാ ലഭ്യത എന്നിവയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നതിന് ലോക ബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ധനസഹായ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 6,062 കോടി രൂപയുടേതാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് (സിസിഇഎ) അനുമതി നല്‍കിയത്. റെയ്‌സിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എംഎസ്എം പെര്‍ഫോമന്‍സ് (റാംപ്) എന്നാണ് പദ്ധതിയുടെ പേര്. 2022-23 സാമ്പത്തിക വര്‍ഷമാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയ്ക്ക് കീഴില്‍ 3,750 കോടി രൂപ (500 ദശലക്ഷം യുഎസ് ഡോളര്‍) ലോക ബാങ്ക് വായ്പയായും, ബാക്കി 2,312.45 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ നിന്നുമാണ് ലഭിക്കുക. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. യുകെ സിന്‍ഹ കമ്മിറ്റി, കെ വി കാമത്ത് കമ്മിറ്റി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി എന്നിവയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ റാംപ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്.
രാജ്യത്തെ 6.3 കോടി സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേരളം. സംരംഭകത്വ വര്‍ഷം ആയി ആചരിക്കുന്ന വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വിവിധ വകുപ്പുകളും ഏജന്‍സികളും വ്യവസായ വകുപ്പുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും.