
കൊച്ചി: ഫൈബര്‍ ഓപ്റ്റിക് കേബിള്‍ നയം ഉദാരവല്‍ക്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. കേബിള്‍ ഇടാന്‍ വൈദ്യുത പോസ്റ്റുകള്‍ അനുവദിക്കുന്നതിലെ കാലതാമസം പരിഹരിക്കാന്‍ ഊര്‍ജവകുപ്പ് പ്രത്യേക നയം വിജ്ഞാപനം ചെയ്തു. സേവന ദാതാവ് അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതി. ഐടി വകുപ്പിന്റെ ശക്തമായ ആവശ്യം മാത്രമല്ല എത്രയും വേഗം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ജനങ്ങള്‍ക്ക് എത്തിക്കുന്നതാണു പ്രധാനമെന്ന് ചീഫ് സെക്രട്ടറിയും നിലപാട് എടുത്തതോടെയാണ് നയതീരുമാനം ഉണ്ടായത്.
ഇതുവരെ ഇത്തരം അപേക്ഷകളുടെ ഫയലുകള്‍ ഊര്‍ജവകുപ്പിലും മന്ത്രിസഭാ പരിഗണനയ്ക്കുമായി അനന്തമായി നീളുകയായിരുന്നു. പുതിയ നയം അനുസരിച്ച് ഫയല്‍ ഇനി ഊര്‍ജവകുപ്പിനോ മന്ത്രിസഭാ പരിഗണനയ്‌ക്കോ അയയ്‌ക്കേണ്ടതില്ല. കെഎസ്ഇബിക്ക് സ്വയം തീരുമാനമെടുക്കാം. അപേക്ഷയില്‍ സാങ്കേതിക, സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഉടന്‍ അനുമതി. മാത്രമല്ല കാലാവധി കഴിയുമ്പോള്‍ പുതുക്കുന്നതിനും തടസ്സമില്ല.
എത്ര കാലത്തേക്കാണോ പുതുക്കേണ്ടത് അതിനുള്ള വാടക അടച്ചാല്‍ മാത്രം മതി. 51% പട്ടിക വര്‍ഗക്കാരുള്ള സ്ഥലങ്ങളില്‍ സൗജന്യമായും പോസ്റ്റുകള്‍ വിട്ടുകൊടുക്കാം. ഓരോ പോസ്റ്റിനുമുള്ള നിശ്ചിത വാടക ഓരോ വര്‍ഷവും പുതുക്കാവുന്നതാണ്. പരമാവധി 5 വര്‍ഷത്തേക്ക് വാടകക്കരാര്‍ വയ്ക്കാം. 2021-22ല്‍ നിലവിലുള്ള നിരക്ക് അടിസ്ഥാന നിരക്കായി കണക്കാക്കും. എന്തെങ്കിലും സാങ്കേതിക, വാണിജ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു നോട്ടീസ് നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ മാത്രമേ നിലവിലുള്ള കരാര്‍ റദ്ദാക്കാന്‍ കഴിയൂ. റദ്ദാക്കുന്നതിന് 2 മാസത്തെ നോട്ടീസ് നല്‍കണം. കെഎസ്ഇബിയും സേവനദാതാവും തമ്മില്‍ തര്‍ക്കം വന്നാല്‍ ഊര്‍ജ വകുപ്പിന് അപ്പീല്‍ നല്‍കാവുന്നതാണ്.
നിലവില്‍ റിലയന്‍സ് ജിയോയും എയര്‍ടെല്ലും മറ്റും ഫൈബര്‍ ഓപ്റ്റിക് കേബിളും വിഡിയോ ഡേറ്റയ്ക്ക് ടിവി കമ്പനിയും പോസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. 45000 പോസ്റ്റുകളാണ് ജിയോ വാടകയ്ക്ക് എടുത്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ കെഫോണ്‍ ഇന്റര്‍നെറ്റ് ശൃംഖല വരുമെന്നും അതില്‍ കൂടി മാത്രം കണക്റ്റിവിറ്റി എല്ലാവര്‍ക്കും നല്‍കാമെന്നുമുള്ള കടുംപിടിത്തത്തില്‍ നിന്നു സര്‍ക്കാര്‍ മാറിയതാണ് ഉദാരനയത്തിനു കാരണമായത്.