ഇന്ത്യയുടെ 'കോഫി കിങ്ങിനെ' കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുമ്പില്ല; നേത്രാവതി പാലത്തിന് സമീപം കാറില്‍ നിന്നിറങ്ങിയ വി.ജി സിദ്ധാര്‍ത്ഥ പോയതെവിടേക്ക്; കഫേ കോഫി ഡേ സ്ഥാപകന്റെ തിരോധനത്തിന് പിന്നാലെ നേത്രാവദി നദിയിലടക്കം തിരച്ചില്‍ ശക്തം

July 30, 2019 |
|
News

                  ഇന്ത്യയുടെ 'കോഫി കിങ്ങിനെ' കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുമ്പില്ല; നേത്രാവതി പാലത്തിന് സമീപം കാറില്‍ നിന്നിറങ്ങിയ വി.ജി സിദ്ധാര്‍ത്ഥ പോയതെവിടേക്ക്; കഫേ കോഫി ഡേ സ്ഥാപകന്റെ തിരോധനത്തിന് പിന്നാലെ നേത്രാവദി നദിയിലടക്കം തിരച്ചില്‍ ശക്തം

ബെംഗളൂരു: രാജ്യത്തെ കോഫി ബ്രാന്‍ഡുകളെ അതിവേഗം പിന്നിലാക്കി മുന്നേറിയ കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിന് പിന്നാലെ അന്വേഷണം ഊര്‍ജ്ജിതമായിരിക്കുകയാണ്.  കോഫി കിങ്  എന്ന് അറിയപ്പെട്ടിരുന്ന സിദ്ധാര്‍ത്ഥ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമാ  എസ്.എം കൃഷ്ണയുടെ മരുമകന്‍ കൂടിയാണ്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ബംഗലൂരുവില്‍ നിന്നും 375 കിലോമീറ്റര്‍ ദൂരെയുള്ള നേത്രാവതി നദിയ്ക്ക് സമീപമുള്ള പാലത്തില്‍വെച്ച് കണ്ടുവെന്നാണ് ഒടുവില്‍ പുറത്ത് വന്ന സൂചന.

മാത്രമല്ല സിദ്ധാര്‍ത്ഥ വാഹനത്തില്‍ നിന്നും ഇറങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. ഇതോടെ നേത്രാവതി നദിയിലും പരിസരത്തുമുള്ള ബോട്ടുകളിലടക്കം തിരച്ചില്‍ നടത്തുകയാണ്.  ചിക്കമംഗലൂരുവിലെ ബിസിനസ് യാത്രക്കുശേഷം കേരളത്തിലേക്ക് എത്താന്‍ സിദ്ധാര്‍ഥ തീരുമാനിച്ചിരുന്നു. എന്നാല്‍ മംഗലൂരുവന് സമീപമുള്ള ദേശീയ പാതയിലെ ജെപ്പിന മൊഗരുവിലുള്ള നേത്രാവതി പാലത്തില്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് സിദ്ധാര്‍ഥ ഇറങ്ങിപോകുകയായിരുന്നുവെന്ന് ഡ്രൈവര്‍ വ്യക്തമാക്കി.

പിന്നീട് അദ്ദേഹത്തെ തിരഞ്ഞിട്ട് കണ്ടില്ലെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ഡോഗ് സ്‌ക്വാഡുമായി നടത്തിയ പരിശോധനയില്‍ ആത്മഹത്യയാണെന്ന സൂചനകളുണ്ട്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് തിരച്ചില്‍ തുടരുന്നതെന്ന് മംഗലൂരു പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു. കര്‍ണാടകയിലെ ചിക്കമംഗലൂരുവില്‍ 12,000 ഏക്കര്‍ കോഫി എസ്റ്റേറ്റ് വി ജി സിദ്ധാര്‍ഥയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ ഹോസ്പിറ്റാലിറ്റി ശൃഖലകളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ ഓഹരി വിപണിയില്‍ നിന്ന് സിദ്ധാര്‍ഥയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. 

മൈസൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ധാര്‍ത്ഥയുടെ പിതാവ്. ബിസിനസ് രാജാവിന്റെ തിരോധാനം സംബന്ധിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാര്‍, ബി.എസ്. ശങ്കര്‍ തുടങ്ങിയവര്‍ ബെംഗളൂരുവില്‍ വസതിയിലെത്തി എസ്.എം.കൃഷ്ണയെ കണ്ടു. ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കാപ്പിക്കുരു കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍ ഒന്നാണ് സിദ്ധാര്‍ത്ഥയുടേത്. മാത്രമല്ല അദ്ദേഹത്തിന്റെ ഓഫിസുകളില്‍ 2017 സെപ്റ്റംബറില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു.

130 വര്‍ഷത്തോളമായി കാപ്പിക്കുരു ഉത്പാദനരംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബമാണ് സിദ്ധാര്‍ഥയുടേത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയുടെ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കൂടിയാണ്. സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി. സിസാഡ എന്നിവയുടെയും സ്ഥാപകനും.  1990കളുടെ മധ്യത്തില്‍ ബ്രിജ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫേ കോഫി ഡേ സ്ഥാപനം തുടങ്ങിയത്. ഇന്ന് ഈ കോഫി കടകളുടെ ശൃംഖല രാജ്യാന്തര ബ്രാന്‍ഡാണ്.

മറ്റെതെങ്കിലും വാഹനത്തില്‍ കയറിപ്പോയതാണോ, അബദ്ധത്തില്‍ നദിയില്‍ വീണതാണോ തുടങ്ങി എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് നേത്രാവതി നദിയില്‍ പൊലീസ് നടത്തുന്ന തിരച്ചില്‍ കണ്ട ശേഷം സിദ്ധാര്‍ഥയുടെ സുഹൃത്തായ മുന്‍ കോണ്‍ഗ്രസ് മന്ത്രി യു.ടി.ഖാദര്‍ മാധ്യമങ്ങളോടു പറഞ്ഞു. എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണ് സിദ്ധാര്‍ഥയുടെ ഭാര്യ. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്.

Related Articles

© 2025 Financial Views. All Rights Reserved