
ബെംഗലൂരു: ഇന്ത്യയിലെ കോഫി ബിസിനസിലെ മുന്‍നിരക്കാരായ കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് 20 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ കുറച്ച് മാസങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ വിപണി മൂല്യത്തിന്റെ 44 ശതമാനം ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാര്‍ത്ഥിനെ കാണാതാകുമ്പോള്‍ ഞെട്ടലോടെയാണ് ഇന്ത്യന്‍ വ്യവസായ ലോകം വാര്‍ത്തയെ ഉള്‍ക്കൊള്ളുന്നത്.
മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഇയാളെ കാണാതായത്. നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദിയില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. ആത്മഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ പോലീസിന് കിട്ടുന്നുണ്ട്. ഇതിനൊപ്പമാണ് നിരാശ പങ്കുവച്ച് ജീവനക്കാര്‍ക്ക് അയച്ച കത്തും പുറത്തു വരുന്നത്.
എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍ മക്കളുണ്ട്. കഫേ കോഫിഡേ ശൃംഖലകള്‍ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാര്‍ഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാര്‍ഥ്. മൈന്‍ഡ്ട്രീ എന്ന സോഫ്‌റ്റ്വെയര്‍ കമ്പനിയിലെ തന്റെ ഓഹരി 3000 കോടിയോളം രൂപക്ക് അടുത്തിടെ സിദ്ധാര്‍ത്ഥ് വിറ്റിരുന്നു. കഫേ കോഫീ ഡേ ബ്രാന്‍ഡ് കൊക്കൊ കോളയ്ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ ബിസിനസുകാരനായിരുന്നു സിദ്ധാര്‍ത്ഥ.
ഏതാണ്ട് അയ്യായിരം കോടിയില്‍ പരം ആസ്തിയുണ്ടെന്നായിരുന്നു കണക്ക്. ഇത്തരത്തിലൊരു ബിസിനസുകാരനാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. കര്‍ണാടകയിലെ ചിക്കമംഗരുവില്‍ 140 വര്‍ഷങ്ങളായി കാപ്പിത്തോട്ടങ്ങള്‍ നടത്തിയിരുന്ന കുടംബത്തിലാണ് വിജെ സിദ്ധാര്‍ത്ഥയുടെ ജനനം. ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്കുള്ള സിദ്ധാര്‍ത്ഥയുടെ യാത്ര അതിനാല്‍ തന്നെ യാദൃശ്ചികമായിരുന്നില്ല.
മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ത്ഥ തന്റെ കരിയറിനു തുടക്കം കുറിച്ചത് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഇടപെടലുകളിലൂടെയാണ്. മുംബൈയിലെ ജെഎം ഫിനാല്‍ഷ്യല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ വൈസ് ചെയര്‍മാന്‍ മാനേജ്‌മെന്റ് ട്രെയിനിയായി ചേര്‍ന്ന അദ്ദേഹം രണ്ട് കൊല്ലത്തിന് ശേഷം ബാഗളൂരില്‍ തിരിച്ചെത്തി. അച്ഛന്‍ കൊടുത്ത തുകയ്ക്ക് സ്വന്തം സാമ്രാജ്യം കെട്ടിപെടുത്തു. കാപ്പിചിനോയും കേക്കും ഇന്ത്യയുടെ രുചി വിഭവങ്ങളായി. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാര്‍ഥ കത്തില്‍ സൂചിപ്പിച്ചിരുന്നു.
കഫേ കോഫി ഡേയുടെ എല്ലാ സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങളും സിദ്ധാര്‍ഥ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സംരഭകനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടെന്നും ആരെയും വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. ഒരുദിവസം നിങ്ങളെല്ലാം എന്നെ മനസിലാക്കുമെന്നും എന്നോട് ക്ഷമിക്കുമെന്നും അദ്ദേഹം കത്തില്‍ എഴുതിയിട്ടുണ്ട്.
വി.ജി. സിദ്ധാര്‍ഥയുടെ കത്തിന്റെ ചുരുക്കം ഇങ്ങനെ:- കുറേനാള്‍ ഞാന്‍ പോരാടി, പക്ഷേ ഇന്ന് ഞാന്‍ അടിയറവ് പറയുകയാണ്. ഓഹരി പങ്കാളികളില്‍ ഒരാള്‍ ഓഹരികള്‍ മടക്കി വാങ്ങാന്‍ സമ്മര്‍ദം ചെലുത്തി. അതിനെതുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍നിന്ന് കടംവാങ്ങിയ വലിയതുകയുടെ സമ്മര്‍ദ്ദവും ഇനിയെനിക്ക് താങ്ങാനാകില്ല. ഇതിനുപുറമേ മറ്റു ചില കടക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദവും എന്നെ പ്രയാസത്തിലാക്കി. മൈന്‍ഡ് ട്രീയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ മുടക്കാന്‍ ആദായനികുതി വകുപ്പ് രണ്ടു തവണ ശ്രമിച്ചു.
ആദായ നികുതി വകുപ്പില്‍നിന്നും ഒരുപാട് ഉപദ്രവം നേരിട്ടു. ഈ വ്യവസായങ്ങളെല്ലാം ഒരു പുതിയ മാനേജ്‌മെന്റിന് കീഴില്‍ ശക്തമായി മുന്നോട്ടുപോകാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. എല്ലാ തെറ്റുകള്‍ക്കും ഞാന്‍ മാത്രമാണ് ഉത്തരവാദി. എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ മാത്രം ഉത്തരവാദിത്തമാണ്. എന്റെ ടീമംഗങ്ങള്‍ക്കും ഓഡിറ്റര്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതൊന്നുമറിയില്ല. എന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരില്‍നിന്നും ഞാന്‍ ഈ വിവരങ്ങള്‍ മറച്ചുവച്ചു.
പടര്‍ന്ന് പന്തലിച്ച കോഫി സംസ്‌കാരം
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി കഫേ കോഫി ഡെയുടെ 2,000 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1993ല്‍ അമാല്‍ഗമേറ്റഡ് ബീന്‍ കോഫി ട്രേഡിങ് കമ്പനിയോടെയാണ് തുടക്കം. കമ്പനിയുടെ പേര് പിന്നീട് കോഫി ഡേ എന്റര്‍പ്രൈസ് ലിമിറ്റഡ് എന്നാക്കി. 1996ല്‍ ബംഗളൂരുവിലാണ് കഫേ കോഫി ഡെയുടെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നിടങ്ങോട് വളരെ വേഗത്തിലുള്ള വളര്‍ച്ചയായിരുന്നു. ഇന്ന് രാജ്യത്തിന്റെ ഏത് കോണിലും കമ്പനിയുടെ സാന്നിധ്യമുണ്ട്.
കാപ്പി പ്ലാേന്റഷന്‍ കുടുംബാംഗമായ സിദ്ധാര്‍ഥക്ക് റിയല്‍ എസ്റ്റേറ്റ്, ഫര്‍ണിച്ചര്‍, ഇന്‍െവസ്റ്റ്മെന്റ് കണ്‍സള്‍ട്ടിങ്, അഗ്രി എക്സ്പോര്‍ട്ട്, ലോജിസ്റ്റിക്സ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി്. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരന്‍കൂടിയായിരുന്നു സിദ്ധാര്‍ഥ. കോഫി ഡേ ഗ്ലോബല്‍ ലിമിറ്റഡ് എന്ന ഉപസ്ഥാപനം വഴിയാണ് കഫേ കോഫി ഡേ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത.് ബാംഗ്ലൂരിലെ തങ്ങളുടെ ആദ്യ കഫേയിലൂടെ തന്നെ കഫേ എന്ന ആശയത്തെ ജനകീയമാക്കാന്‍ സിദ്ധാര്‍ത്ഥിന് കഴിഞ്ഞു.
അന്താരാഷ്ട്ര കോഫികള്‍, ഭക്ഷണങ്ങള്‍, ഡെസേര്‍ട്ടുകള്‍, പേസ്ട്രീസ് തുടങ്ങിയ വൈവിധ്യ പൂര്‍ണമായ പദാര്‍ത്ഥങ്ങളടങ്ങിയതായിരുന്നു കഫേ കോഫി ഡേയുടെ മെനു. കോഫി പൗഡറുകള്‍, കുക്കീസ്, മഗ്‌സ്, കോഫി ഫില്‍റ്ററുകള്‍, എന്നിവയും കഫേ കോഫി ഡേയുടെ കഫേകളെ ജനപ്രിയമാക്കി. ചില്‍ഡ് സ്മൂത്തീസ്, സ്ലഷസ് വിഭാഗങ്ങളിലായി നാവില്‍ കൊതിയൂറുന്ന വളരെ വ്യത്യസ്തങ്ങളായ രുചികളോട് കൂടിയ സമ്മര്‍ സ്ലാം ഫ്‌ളേവറുകള്‍ അവതരിപ്പിച്ചും കഫേ കോഫി ഡേ കൈയ്യടി നേടി.
ദൈനംദിന ജീവിത ശൈലിയുടെ അനിവാര്യതയായി കാപ്പി മാറ്റുകയായിരുന്നു കഫേ കോഫി ഡേയുടെ ലക്ഷ്യം. വെള്ളം കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ജനകീയ പാനീയമാണ് കാപ്പി. കാപ്പികുടിയുടെയും കോഫി ഹൗസുകളുടെയും തുടക്കം 16-ാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലാണ്. ഇന്ത്യയില്‍ കാപ്പി ഒരു സംസ്‌ക്കാരത്തിന്റെ ഭാഗം കൂടിയായി മാറി. അമാള്‍ഗമേറ്റഡ് ബീന്‍ കോഫി ട്രേഡിങ് കമ്പനിയുടെ ഭാഗമാണ് കഫെ കോഫി ഡേ. ബാംഗ്ലൂരിലാണ് പ്രഥമ കോഫി ബാറിന്റെ തുടക്കം. 13000 ഏക്കര്‍ വരുന്ന സ്വന്തം കാപ്പി തോട്ടങ്ങളില്‍ നിന്നും ഇവര്‍ തന്നെ പരിപാലിക്കുന്ന 7000 ഏക്കര്‍ തോട്ടങ്ങളില്‍ നിന്നും ശേഖരിക്കുന്ന കാപ്പിയാണ് കഫേ കോഫി ഡേയില്‍ ഉപയോഗിക്കുന്നത്.
11000 ത്തോളം ചെറുകിട കര്‍ഷകരില്‍ നിന്നും കാപ്പി ശേഖരിക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കാപ്പി പ്ലാന്റേഷന്‍ ഉടമകള്‍ എന്ന സ്ഥാനവും ഇവര്‍ക്കാണ്. ചൂടുള്ളതും തണുത്തതും ഉള്‍പ്പെടെ രാജ്യാന്തര തലത്തിലെ ഏതു തരത്തിലുമുള്ള കാപ്പികളുടെ ഒരു നീണ്ട നിരതന്നെ കഫേ കോഫി ഡേ മെനുവിലുണ്ട്. ഇതെല്ലാം സിദ്ധാര്‍ത്ഥിന്റെ മാര്‍ക്കറ്റിംഗ് മികവായിരുന്നു. വേനല്‍ക്കാലത്ത് നവോന്‍മേഷം പകരുക എന്ന ലക്ഷ്യത്തെടെയാണ് അവതരിപ്പിച്ച പുതിയ ഫ്ളേവറുകള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു. പ്രധാന ചേരുവയുടെ ക്രിസ്റ്റല്‍ രൂപവും ശുദ്ധമായ ക്രീമും ഒത്തു ചേര്‍ന്നതാണ് സ്മൂത്തീസിന്റെ ഫ്‌ളേവറുകള്‍.
ഇത് ഒരേ സമയം കടിച്ച് കുടിക്കുന്ന അനുഭൂതി നല്‍കുന്നു. ഇന്ത്യന്‍ മിഠായിയുടെ വിലയേറിയ ക്രീം രൂപത്തിലുള്ള പാനീയമാണ് രസ്മലായ് സ്മൂത്തി. രസഗുള പോലെ ചവച്ച് കഴിക്കാവുന്ന ബദാമിന്റെ ഫ്‌ളേവറുകളാണ് ഇതിലുള്ളത്. സ്‌ട്രോബെറിയുടെയും മാതള നാരകത്തിന്റെയും മിശ്രിതമാണ് രുചികരമായ സ്‌ട്രോബെറി പോമോഗ്രനേറ്റ് സ്മൂത്തി. പഴങ്ങളുടെ രാജാവായ മാങ്ങയോടൊപ്പം പീച്ചപ്പഴവും ചേര്‍ന്നതാണ് മാംഗോ പീച്ച് സ്മൂത്തി. പഴങ്ങളെ ഇഷ്ടപ്പെടുന്നവരെ തീര്‍ച്ചയായും തൃപ്തിപ്പെടുത്തുന്ന ഒരിനമാണിത്.
ദ്വീര്‍ഘകാലം കോണ്‍ഗ്രസിനെ സേവിച്ച ശേഷം ബിജെപിയിലേക്ക് ചുവടുമാറിയ എസ്എം കൃഷ്ണയുടെ മരുമകനെതിരെ ആദായ നികുതി വകുപ്പിന്റ നടപടികള്‍ ഉണ്ടായത് 2017ല്‍ വലിയ ചര്‍ച്ചയായിരുന്നു. സിദ്ധാര്‍ത്ഥയുടെ വീട്ടിലും ഓഫീസുകളിലുമാണ് ആദായവകുപ്പ് 2017ല്‍ റെയ്ഡ് നടത്തിയത്. ബംഗളൂരു, മുംബൈ, ചെന്നൈ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ സിദ്ധാര്‍ത്ഥിന്റെ സ്ഥാപനങ്ങളിലാണ് അന്ന് ആദായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധന നടത്തിയത്. മുഡിഗിരി താലൂക്കിലെ രണ്ട് എസ്റ്റേറ്റ്, ചിക്കമംഗളൂരിലെ സ്‌കൂള്‍ ഓഫീസ്, സെറായി റിസോര്‍ട്ട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സികാല്‍ ലോജിസ്റ്റിക് ലിമിറ്റഡിലും പരിശോധന നടത്തിയിരുന്നു.
46 വര്‍ഷം കോണ്‍ഗ്ഗ്രസ് നേതാവായിരുന്ന എസ്എം കൃഷ്ണ 2017 മാര്‍ച്ചില്‍ ബിജെപിയിലേക്ക് മാറിയിരുന്നു. കര്‍ണ്ണാടക മുന്‍ മുഖ്യ മന്ത്രി സിദ്ധ രാമയ്യയുടെ ചില നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. യുപിഎ ഗവണ്‍മെന്റിനു കീഴില്‍ വിദേശകാര്യ മന്ത്രിയായും, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ബിജെപിയിലേക്ക് കൃഷ്ണ എത്തിയിട്ടും ആദായ നികുതി വകുപ്പ് മരുമകനെ വെറുതെ വിട്ടില്ല. നിരന്തര പീഡനങ്ങള്‍ തുടര്‍ന്നപ്പോള്‍ സിദ്ധാര്‍ത്ഥ് മാനസികമായി തളര്‍ന്നു. കാപ്പിചിനോ എന്ന കോഫീ മലയാളികള്‍ക്കിടയിലും പ്രസിദ്ധമാക്കിയത് സിദ്ധാര്‍ത്ഥ് ആയിരുന്നു.