സംസ്ഥാന ധനകമ്മി കുതിച്ചുയര്‍ന്നു; സിഎജി റിപ്പോര്‍ട്ട് ഇങ്ങനെ

March 19, 2022 |
|
News

                  സംസ്ഥാന ധനകമ്മി കുതിച്ചുയര്‍ന്നു; സിഎജി റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനകമ്മി കുതിച്ചുയര്‍ന്നു. 20-21ല്‍ മൊത്തം ചെലവിന്റെ 29.50 ശതമാനമായ 40,969.69 കോടിയായി ധനകമ്മി ഉയര്‍ന്നു. റവന്യൂ കമ്മി 25,829.50 കോടിയായും വര്‍ധിച്ചതായും നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുകടത്തില്‍ നിന്ന് 30,807.51 കോടി രൂപയും മറ്റ് ബാധ്യതകളില്‍ നിന്ന് 10,162.18 കോടി രൂപയുമടങ്ങുന്നതാണ് കമ്മി.

റവന്യൂ കമ്മി 16-17ലെ 15,484.59 കോടിയില്‍ നിന്നാണ് 25,829.50 കോടിയിലെത്തിയത്. ധനകമ്മി 26,448.35 കോടിയില്‍ നിന്ന് 40,969.69 കോടിയായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17132 കോടിയുടെ വര്‍ധന ധനകമ്മിയിലും 11334.25 കോടി റവന്യൂ കമ്മിയിലും ഉണ്ടായി. മൂലധന വരവുകള്‍ കുറഞ്ഞതും വായ്പയും മുന്‍കൂറുകളും നല്‍കുന്നതില്‍ വന്ന വര്‍ധനയുമാണ് ഇത്രയും കമ്മിക്ക് കാരണം. 20-21ല്‍ റവന്യൂ കമ്മി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുവെങ്കിലും 3. 40 ശതമാനമായി നിലനില്‍ക്കുന്നു. ധനകമ്മി മൂന്ന് ശതമാനമാക്കാന്‍ ലക്ഷ്യമിട്ടത് 5.40 ശതമാനമായി.

റവന്യൂ വരുമാനങ്ങളുടെ 69.38 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്ക് വിനിയോഗിക്കുകയാണ്. ഇവക്ക് 97,616.83 കോടിയാണ് വേണ്ടി വന്നത്. ശമ്പളത്തിന് മാത്രം 27810.94 കോടിയും പലിശ തിരിച്ചടവുകള്‍ക്ക് 20975.36 കോടിയും പെന്‍ഷന് 18942.85 കോടിയുമാണ് ചെലവിട്ടത്. ഒരു രൂപ വരവില്‍ 39 പൈസയും കടം വാങ്ങിയതായിരുന്നു. നികുതി വരുമാനം 33 രൂപയേ ഉള്ളൂ. 18 ശതമാനം കേന്ദ്ര സഹായമായിരുന്നു.

ബാധ്യത 40.63 ശതമാനം വര്‍ധിച്ചു. 19-20നും 20-21നും ഇടയില്‍ ജിഎസ്ഡിപി 7.94 ശതമാനം കുറഞ്ഞപ്പോള്‍ റവന്യൂ വരവ് 8.19 ശതമാനം വര്‍ധിച്ചു. റവന്യൂ ചെലവുകള്‍ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ 21776 കോടി കുറവായിരുന്നു. മൂലധന ചെലവ് 15,438.16 കോടി കണക്കാക്കിയെങ്കിലും 2205.13 കോടി കുറവായിരുന്നു. പെന്‍ഷന് കരുതിയതില്‍ 2027.56 കോടി വിനിയോഗമുണ്ടായില്ല. 20-21 അവസാനം വീട്ടാനുള്ള പൊതുകടം 2,05,447.73 കോടി രൂപയാണ്. മറ്റ് ബാധ്യതകള്‍ 1,02,938.27 കോടിയും.

ലഘുസമ്പാദ്യങ്ങള്‍, പിഎഫ് നിക്ഷേപങ്ങള്‍ എന്നിവയില്‍ 12,045.02 കോടി വര്‍ധിച്ചു. പലിശ ബാധ്യതയായ 20,940.98 കോടി രൂപ റവന്യൂ ചെലവിന്റെ 16.96 ശതമാനമാണ്. പലിശ ബാധ്യത ഒരുവര്‍ഷം കൊണ്ട് 1755.72 കോടി വര്‍ധിച്ചു. 20-21ല്‍ 62,716.62 കോടി ആഭ്യന്തര കടമെടുത്തു. 38,202.56 കോടിയുടെ കടം തീര്‍ത്തു. 20-21ല്‍ 49076.88 കോടിയുടെ ഗാരന്റിയാണ് സര്‍ക്കാര്‍ നിന്നത്. 36,600.98 കോടിയുടെ ഗാരന്റി തുക വീട്ടാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved