100 കോടി ഡോളര്‍ നല്‍കാമെന്ന് ഇന്ത്യ; കേസ് പിന്‍വലിക്കാമെന്ന് കൈന്‍ എനര്‍ജി

September 08, 2021 |
|
News

                  100 കോടി ഡോളര്‍ നല്‍കാമെന്ന് ഇന്ത്യ; കേസ് പിന്‍വലിക്കാമെന്ന് കൈന്‍ എനര്‍ജി

ന്യൂഡല്‍ഹി: നികുതി നിയമത്തിന്റെ പേരില്‍ ഈടാക്കിയതിന് നഷ്ട പരിഹാരമായി ഫ്രാന്‍സിലും യുഎസിലുമുള്ള ഇന്ത്യന്‍ ആസ്തികള്‍ കണ്ടുകെട്ടാനാവശ്യപ്പെട്ട് നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ സന്നദ്ധത അറിയിച്ച് ബ്രിട്ടീഷ് കമ്പനി കൈന്‍ എനര്‍ജി. ഈടാക്കിയ തുകയായ 100 കോടി ഡോളര്‍ (7,343 കോടി രൂപ) നല്‍കാമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. തുക കൈമാറി ദിവസങ്ങള്‍ക്കകം കേസുകള്‍ പിന്‍വലിക്കുന്ന് കമ്പനി സിഇഒ സൈമണ്‍ തോംസണ്‍ പറഞ്ഞു.

2012ല്‍ നടപ്പാക്കിയ പൂര്‍വകാല പ്രാബല്യമുള്ള നിയമപ്രകാരം ഉടമകള്‍ മാറിയാലും ഇന്ത്യയിലെ ആസ്തികള്‍ക്ക് 50 വര്‍ഷം മുമ്പുവരെയുള്ള നികുതി ഈടാക്കാം. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കുന്നതിന് തടസ്സമാകുന്നുവെന്നു പറഞ്ഞ് കഴിഞ്ഞ മാസം ഈ നികുതി നിയമം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പ്രമുഖ ടെലികോം കമ്പനി വോഡഫോണ്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനമായ സനോഫി, ഊര്‍ജ മേഖലയിലെ കൈന്‍സ് ഉള്‍പ്പെടെ വന്‍കിടക്കാര്‍ ഈയിനത്തില്‍ നല്‍കാനുള്ള 1.1 ലക്ഷം കോടി രൂപ വേണ്ടെന്നുവെക്കാനും നേരത്തേ ഈടാക്കിയ 8,100 കോടി രൂപ മടക്കി നല്‍കാനും ഇന്ത്യ തീരുമാനിച്ചു. മടക്കിനല്‍കാനുള്ള 7,900 കോടി രൂപയും കൈന്‍സിനാണ്. എല്ലാ കേസുകളും പിന്‍വലിക്കാമെങ്കില്‍ മാത്രമേ തുക നല്‍കൂ എന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് മറുപടിയിലാണ് കൈന്‍സ് സിഇഒയുടെ പ്രതികരണം.

നികുതി നിയമത്തിന്റെ പേരില്‍ ഈടാക്കിയ തുക തിരിച്ചുപിടിക്കാന്‍ ഫ്രാന്‍സിലെ നയതന്ത്ര കാര്യാലയത്തിന്റെ ഭാഗമായ അപ്പാര്‍ട്ട്‌മെന്റുകള്‍, യുഎസിലുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ എന്നിവ പിടിച്ചെടുത്ത് പണം ഈടാക്കണമെന്നായിരുന്നു കൈന്‍സിന്റെ ആവശ്യം. ഇന്ത്യ തിരിച്ചുനല്‍കുന്ന 100 കോടി ഡോളറില്‍ 70 കോടിയും ഓഹരി ഉടമകള്‍ക്ക് നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2012ല്‍ നടപ്പാക്കിയ നികുതി നിയമപ്രകാരം 17 രാജ്യാന്തര കമ്പനികളില്‍നിന്ന് 1.10 ലക്ഷം കോടി രൂപ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ കെയേണ്‍ നല്‍കിയ കേസില്‍ അന്താരാഷ്ട്ര മധ്യസ്ഥ ട്രൈബ്യൂണല്‍ സര്‍ക്കാറിന് എതിരായ വിധി പുറപ്പെടുവിച്ചു. തുടക്കത്തില്‍ തുക തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചെങ്കിലും കമ്പനി കോടതികളെ സമീപിച്ച് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ആസ്തികള്‍ കണ്ടുകെട്ടാനാവശ്യപ്പെട്ടു. ഇതിനൊടുവിലാണ് പുതിയ നീക്കം. എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് കൈന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കരയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തിയ കമ്പനിയാണ് കൈന്‍.

Read more topics: # Cairn Energy, # കൈന്‍,

Related Articles

© 2024 Financial Views. All Rights Reserved