കാമ്പസ് ആക്റ്റീവ്വെയറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഏപ്രില്‍ 26 മുതല്‍

April 21, 2022 |
|
News

                  കാമ്പസ് ആക്റ്റീവ്വെയറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഏപ്രില്‍ 26 മുതല്‍

സ്പോര്‍ട്സ് ആന്റ് അത്ലിഷര്‍ ഫുട്വെയര്‍ കമ്പനിയായ കാമ്പസ് ആക്റ്റീവ്വെയറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഏപ്രില്‍ 26ന് തുറക്കും. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായ ഐപിഒയിലൂടെ 4.79 കോടി ഓഹരികളാണ് ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി കൈമാറുന്നത്. 1400 കോടി രൂപയാണ് ഇതുവഴി സമാഹരിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായതിനാല്‍ തന്നെ കമ്പനിക്ക് തുക ലഭിക്കില്ല. 5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 278-292 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 26 ന് തുറക്കുന്ന ഐപിഒ ഏപ്രില്‍ 28ന് ക്ലോസ് ചെയ്യും.

മെയ് ഒമ്പതിനകം കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 51 ഇക്വിറ്റി ഷെയറുകളുടെ ലോട്ടായും അതിന്റെ ഗുണിതങ്ങളായും ഐപിഒയില്‍ അപേക്ഷിക്കാവുന്നതാണ്. വില്‍പ്പനയക്കുവെച്ച ഓഹരികളുടെ 50 ശതമാനം വരെ ക്വാളിഫൈഡ് സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ, യോഗ്യരായ ജീവനക്കാര്‍ക്കായി 2 ലക്ഷം വരെ ഓഹരികളും അനുവദിക്കും. ഈ വിഭാഗത്തില്‍നിന്ന് ഐപിഒയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഓരോ ഇക്വിറ്റി ഷെയറിനും 27 രൂപ കിഴിവ് ലഭിക്കും.

പ്രതിവര്‍ഷം 25.6 ദശലക്ഷം ജോഡികള്‍ നിര്‍മിക്കാനുള്ള സ്ഥാപിത ശേഷിയുള്ള ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി, 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഏകദേശം 1,000 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയത്. 2021 സാമ്പത്തിക വര്‍ഷത്തിലെ മൂല്യമനുസരിച്ച് ഇന്ത്യയിലെ ബ്രാന്‍ഡഡ് സ്പോര്‍ട്സ്, അത്ലിഷര്‍ ഫുട്വെയര്‍ വ്യവസായത്തില്‍ 17 ശതമാനം വിപണി വിഹിതമാണ് ക്യാമ്പസ് ആക്റ്റീവ്വെയര്‍ അവകാശപ്പെടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved