
ഏപ്രിലില്‍ കാനഡയില്‍ റെക്കോര്‍ഡ് തൊഴില്‍ നഷ്ടം. 2 ദശലക്ഷം തൊഴിലുകളാണ് കഴിഞ്ഞ മാസം രാജ്യത്ത് നഷ്ടമായത്. ഇതോടെ തൊഴിലില്ലായ്മാ നിരക്ക് 13 ശതമാനത്തോളം ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകള്‍ സമ്പദ്വ്യവസ്ഥയെ എത്രമാത്രം ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
20 ലക്ഷം ആളുകള്‍ക്കാണ് കഴിഞ്ഞ മാസം ജോലി നഷ്ടപ്പെട്ടത്. ചിലര്‍ക്ക് സാധാരണ ചെയ്യുന്നതിനേക്കാള്‍ വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമേ ജോലി ചെയ്യാന്‍ സാധിക്കുന്നുള്ളൂ. ഇത് ഉല്‍പാദനത്തിലെ കുത്തനെയുള്ള ഇടിവ് അല്ലെങ്കില്‍ ഏപ്രിലിലെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിലെ വലിയ ഇടിവിനെ സൂചിപ്പിക്കുന്നതാണെന്ന് റോയല്‍ ബാങ്ക് ഓഫ് കാനഡയിലെ സീനിയര്‍ ഇക്കണോമിസ്റ്റ് നഥാന്‍ ജാന്‍സന്‍ മണി കണ്‍ട്രോളിനോട് പറഞ്ഞു.
ചില പ്രതീക്ഷയുടെ അടയാളങ്ങള്‍ കൂടി ഇവിടെ കാണാവുന്നതാണ്. സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് കാനഡയിലെ തൊഴിലില്ലായ്മ വര്‍ദ്ധനവിന്റെ വലിയൊരു പങ്കും താല്‍ക്കാലിക പിരിച്ചുവിടലുകളിലാണെന്നാണ് റിപ്പോര്‍ട്ട്. കാരണം തൊഴിലാളികള്‍ അവരുടെ തൊഴിലുടമയുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ട്. തൊഴിലുടമ ബിസിനസ്സിലേയ്ക്ക് തിരികെയെത്തിയാല്‍ ജീവനക്കാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാം.
അമേരിക്കയ്ക്ക് സമാനമായി കനേഡിയന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ബെനിഫിറ്റില്‍ 7 ദശലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസത്തിനായി അപേക്ഷിച്ചിരിക്കുന്നത്. യുഎസില്‍ തൊഴില്‍ നഷ്ട്ടപ്പെട്ടവരുടെ എണ്ണത്തിന് അടുത്ത് തന്നെ കാനഡയിലും ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് സമ്പദ്വ്യവസ്ഥകളും എത്രത്തോളം സമാന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത് എന്നതിന്റെ സൂചനകളാണിതെന്ന് ബാങ്ക് ഓഫ് മോണ്‍ട്രിയല്‍ ചീഫ് ഇക്കണോമിസ്റ്റ് ഡഗ്ലസ് പോര്‍ട്ടര്‍ പറയുന്നു. രാജ്യം ഭയപ്പെട്ടതിനേക്കാള്‍ വളരെ കുറവാണ് നിലവിലെ ജോലി നഷ്ടപ്പെടല്‍ എന്ന് ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും തൊഴില്‍ നഷ്ട കണക്കുകള്‍ സമ്പദ്വ്യവസ്ഥയിലെ ബലഹീനതയെ വ്യക്തമാക്കുന്നവ തന്നെയാണ്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു കാനഡ. 2019 ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ച രാജ്യം കാനഡയാണ്. കാനഡയിലെ ഒന്റാറിയോ, ക്യുബെക്ക്, അല്‍ബെര്‍ട്ട, പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപുകള്‍ എന്നിവിടങ്ങളിലായി ആകെ ഒരു ലക്ഷത്തിലധികം പുതിയ നിയമനങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്.