
ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതും വേതനം വെട്ടിക്കുറയ്ക്കുന്നതുമൊക്കെ സ്ഥിരമാകുമ്പോള്‍ ഐടി സര്‍വീസസ് കമ്പനിയായ ക്യാപ്ജെമിനി ഇന്ത്യയിലെ എല്ലാ ജീവനക്കാര്‍ക്കും വേതന വര്‍ദ്ധനയും പ്രമോഷനും നല്‍കുകയാണ്. ഫ്രെഞ്ച് സ്ഥാപനമായ ക്യാപ്ജെമിനി ഏപ്രിലില്‍ ഇന്ത്യയിലെ തങ്ങളുടെ 70 ശതമാനം ജീവനക്കാര്‍ക്ക് വേതനവര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. അതായത് ഗ്രേഡ് എ, ഗ്രേഡ് ബി ജീവനക്കാര്‍ക്ക്. മിഡില്‍, സീനിയര്‍ തലത്തിലുള്ള ജീവനക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ശമ്പളവര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുകയാണ്.
ഐടി മേഖലയില്‍ മാത്രമല്ല ശമ്പളവര്‍ദ്ധനവ് വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ഒരേയൊരു കമ്പനിയായിരിക്കും ഞങ്ങളുടേതെന്ന് ക്യാപ്ജെമിനി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അശ്വിന്‍ യാര്‍ഡി ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. ഐബിഎമ്മും ആക്സഞ്ചറും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐറ്റി തൊഴില്‍ദാതാവാണ് ക്യാപ്ജെമിനൈ. 1.25 ലക്ഷം പേരാണ് രാജ്യത്ത് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.
കൊഗ്‌നിസന്റ് 18,000ത്തോളം പിരിച്ചുവിടാന്‍ ഒരുങ്ങുന്നുവെന്നത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളും വേതനവര്‍ദ്ധന മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ക്യാപ്ജെമിനിയുടെ ഈ അസാധാരണ നടപടി.