
ന്യൂഡല്‍ഹി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സിന്റെ (ടികെഎം) ആഭ്യന്തര വാഹന വില്‍പ്പനയില്‍ 86.49 ശതമാനം ഇടിവ്. മേയ് മാസത്തിലാണ് കമ്പനി 86 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 1,639 വാഹനങ്ങളാണ് കമ്പനിയ്ക്ക് നിരത്തിലെത്തിക്കാന്‍ സാധിച്ചത്. 2019 മേയ് മാസത്തില്‍ 12,138 വാഹനങ്ങളാണ് ടൊയോട്ടോ നിരത്തിലെത്തിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ആശ്വാസകരമാണെന്നാണ് കമ്പനി വിലയിരുത്തുന്നത്.
കൊറോണ വൈറസ് പശ്ചാത്തലത്തില്‍ രണ്ടുമാസത്തിലേറെ നീണ്ടുനിന്ന രാജ്യവ്യാപക ലോക്ക്ഡൗണ്‍ വാഹന വിപണി മന്ദഗതിയിലാക്കിയിരുന്നു. ഡിമാന്‍ഡ് കുറവായതിനാല്‍ തന്നെ സാധാരണ സാഹചര്യത്തില്‍ ലഭിക്കേണ്ട വില്‍പ്പനയുടെ 20 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും ലോക്ക്ഡൗണ്‍ മൂന്ന്, നാല് ഘട്ടങ്ങള്‍ നിലനിന്നിരുന്ന മേയ് മാസത്തില്‍ 1639 വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കാന്‍ സാധിച്ചത് കമ്പനിക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ആഭ്യന്തര വിപണിയിലെ വില്‍പ്പനയ്ക്ക് പുറമെ, ടൊയോട്ട എറ്റിയോസിന്റെ 928 യൂണിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ അനുസരിച്ച് രാജ്യത്തൊട്ടാകെയുള്ള മുന്നൂറിലധികം കമ്പനി സെയില്‍സ് ഔലെറ്റുകളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. മൊത്തക്കച്ചവടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില്ലറ വില്‍പ്പനയില്‍ വളരെ അധികം വര്‍ദ്ധനവുണ്ടെന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സിന്റെ സെയില്‍സ് ആന്റ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറയുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ടൊയോട്ടയിലെത്തിക്കുന്നതിനായി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.