
ദുബായ്: പലചരക്ക്, ഫാര്‍മസി സ്റ്റോറുകൾ എന്നിവയെ ഉള്‍പ്പെടുത്തി ദുബായില്‍ ഡെലിവറി സേവനം ശക്തമാക്കി കരീം. തുടക്കത്തില്‍ 14 ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഫാര്‍മസികളില്‍ നിന്നുമുള്ള സാധനങ്ങളാണ് കരീമിലൂടെ ഡെലിവറി ചെയ്യുക. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്ന ദുബായിലെ ഏക പ്ലാറ്റ്‌ഫോമാണ് കരീം നൗ. 7-ഇലെവന്‍, 800-ഫാര്‍മസി, അല്‍ മനാര ഫാര്‍മസി, ദ പെറ്റ് കോര്‍ണര്‍, ദ കോഫീ സൂക്ക്, ജൂലിയസ് മീനല്‍ കോഫീ, അല്‍ ദര്‍ റോസ്റ്ററി, റൂട്ട്‌സ് ഓര്‍ഗാനിക്‌സ്, അല്‍ ദൗറി സിഗ്നേച്ചര്‍, അല്‍ ദൗറി മാര്‍ട്ട്, സൂപ്പര്‍മാര്‍ച്ചെ, നാരിന്‍പോര്‍ട്ട്, ഫോര്‍ സീസണ്‍സ് ഫാര്‍മസി, ല ഡെസ്‌പെന്‍സ സ്പാനിഷ് ഫുഡ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധനങ്ങളാണ് കരീമിലൂടെ ഡെലിവര്‍ ചെയ്യുക.
നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ സമൂഹത്തിനും പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും (കരീം കാബ് ഡ്രൈവര്‍മാര്‍) പിന്തുണ നല്‍കുന്നതിനാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നതെന്ന് കരീം യുഎഇ ജനറല്‍ മാനേജര്‍ ഗീത് എല്‍ മക്കൗയി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ സേവനത്തിലൂടെ സാധിക്കുമെന്നും സുരക്ഷിതവും കാര്യക്ഷമവുമായ മാര്‍ഗത്തിലൂടെ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് ജനജീവിതം ലളിതമാക്കാന്‍ സാധിക്കുമെന്നതില്‍ സന്തോഷമുണ്ടെന്നും മക്കൗയി കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനകം കരീം ക്യാപ്റ്റന്മാര്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ‘നോ കോണ്ടാക്ട് ഡെലിവറി’ ക്കുള്ള അവസരവും കരീം നല്‍കുന്നുണ്ട്. സാധനങ്ങള്‍ വീട്ടുപടിക്കല്‍ വെച്ചിട്ട് പോകാന്‍ ക്യാപ്റ്റന്മാരോട് ആവശ്യപ്പെടുന്ന ഈ സേവനം സാധനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് തന്നെ ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കണം. ക്രെഡിറ്റ് കാര്‍ഡ്, കരീം വാലറ്റ് ഉള്‍പ്പടെയുള്ള കാഷ്‌ലെസ് പേയ്‌മെന്റുകള്‍ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്.