റിലയന്‍സ് റീട്ടെയില്‍ വീണ്ടും നിക്ഷേപമെത്തുന്നു; 2 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി കാര്‍ലൈല്‍ ഗ്രൂപ്പ്

September 14, 2020 |
|
News

                  റിലയന്‍സ് റീട്ടെയില്‍ വീണ്ടും നിക്ഷേപമെത്തുന്നു;  2 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി കാര്‍ലൈല്‍ ഗ്രൂപ്പ്

റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡില്‍ (ആര്‍ആര്‍വിഎല്‍) നിക്ഷേപിക്കാന്‍ അമേരിക്കന്‍ കമ്പനിയായ കാര്‍ലൈല്‍ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. 1.5-2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് സൂചന. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ലൈവ്മിന്റാണ് ഇടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കരാര്‍ നടക്കുകയാണെങ്കില്‍, ഇന്ത്യയിലെ റീട്ടെയില്‍ മേഖലയിലെ കാര്‍ലൈലിന്റെ ആദ്യത്തെ നിക്ഷേപവും ഒരു ഇന്ത്യന്‍ കമ്പനിയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപവും ഇതായിരിക്കും. മുംബൈ ആസ്ഥാനമായുള്ള ആര്‍ആര്‍വിഎല്ലിലെ കാര്‍ലൈലിന്റെ നിക്ഷേപം ഇപ്പോഴും ചര്‍ച്ച ഘട്ടത്തിലാണ്.

ആര്‍ആര്‍വിഎല്ലിന്റെ ഒരു യൂണിറ്റായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് രാജ്യവ്യാപകമായി 12,000 സ്റ്റോറുകള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീട്ടെയില്‍ ബിസിനസ്സാണ്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസ്സ് അടുത്തിടെ സ്വന്തമാക്കിയതോടെ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ രംഗത്തെ ഭീമന്മാരായി മാറുകയും നിരവധി വലിയ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. 24,713 കോടി രൂപയ്ക്കാണ് ആര്‍ആര്‍വിഎല്ലിന്റെ പേരില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ വാങ്ങിയത്. ഇതോടെ ബിഗ് ബസാര്‍ ഷോറൂമുകളെല്ലാം റിലയന്‍സിന് സ്വന്തമായി.

കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ സില്‍വര്‍ ലോക്കില്‍ നിന്നും 7,500 കോടി രൂപയുടെ നിക്ഷേപ സമാഹരണം ആര്‍ആര്‍വിഎല്‍ നടത്തിയിരുന്നു. റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡിലെ 1.75 ശതമാനം ഓഹരികളാണ് സില്‍വര്‍ ലോക്ക് വാങ്ങിയത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്ഫോംസിലും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 1.35 ബില്യണ്‍ ഡോളര്‍ സില്‍വര്‍ ലേക്ക് നിക്ഷേപിച്ചിരുന്നു. കെകെആര്‍ ആന്‍ഡ് കമ്പനി, മുബടാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയില്‍ നിന്നും ആര്‍ആര്‍വിഎല്‍ 5 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപം സ്വീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം ലൈവ് മിന്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആമസോണ്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ഇടപാടുകള്‍ സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 40 ശതമാനം ഓഹരി ആമസോണിന് വില്‍ക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

© 2025 Financial Views. All Rights Reserved