
ബജാജ് ഓട്ടോയ്ക്കുശേഷം മികച്ച ലാഭമുള്ള മറ്റ് കമ്പനികളും ഓഹരി ഉടമകള്‍ക്ക് വന്‍തോതില്‍ ലാഭവിഹിതം കൈമാറുന്നു. ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിനും കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയൊഴികെയുള്ള മുന്‍നിര കമ്പനികളാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൈമാറാന്‍ ഒരുങ്ങുന്നത്. ഈ കമ്പനികളുടെ കൈവശം 11.2 ലക്ഷംകോടി രൂപ പണമായി നീക്കിയിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈവശമുള്ള പണത്തിന്റെ 90ശതമാനവും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി കൈമാറുമെന്ന് കഴിഞ്ഞദിവസം ബജാജ് ഓട്ടോ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിവിഡന്റ് ഇനത്തില്‍ കമ്പനി 3,472 കോടി രൂപയാണ് വിതരണംചെയ്തത്. ആ വര്‍ഷം കമ്പനിക്ക് ലഭിച്ച അറ്റാദായത്തിന്റെ മൂന്നില്‍ രണ്ടുഭാഗംവരുമിത്. മുന്‍വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ ലാഭവിഹിതം നല്‍കിയ 10 കമ്പനികളിലൊന്നാണ് ബജാജ് ഓട്ടോ.
കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം അറ്റാദയത്തില്‍ 47ശതമാനംതുകയും ലാഭവിഹിതമായി കമ്പനി വിതരണംചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ഒമ്പതുമാസത്തെ കമ്പനിയുടെ അറ്റാദായം 3,301 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.4ശതമാനം കുറവാണിത്.
റിലയന്‍സ്, വേദാന്ത, ടിസിഎസ്, മാരുതി സുസുകി, ഐടിസി, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളും ഇത്തവണ വന്‍തുക ലാഭവിഹിതയിനത്തില്‍ കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കമ്പനികളുടെ കൈവശം വന്‍തുകയാണ് പണമായുള്ളത്.
പ്രമുഖ കമ്പനികള്‍ നല്‍കിയ ഓരോവര്‍ഷത്തെയും ലാഭവിഹിതം പരിശോധിക്കുമ്പോള്‍ 6.8ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായതായി കാണാം. അതോടൊപ്പം ഓഹരി തിരിച്ചുവാങ്ങാനായി വന്‍തുകയും കമ്പനികള്‍ ചെലവഴിച്ചു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എന്‍ടിപിസി, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ 64,000 കോടിയോളം രൂപയാണ് ഓഹരി തിരിച്ചുവാങ്ങാനയി ചെലവഴിച്ചത്. 2019 ജനുവരി മുതലുള്ള കണക്കാണിത്.