പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭ്യമാക്കി ശ്രീലങ്ക

May 28, 2022 |
|
News

                  പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭ്യമാക്കി ശ്രീലങ്ക

റഷ്യയില്‍ നിന്ന് എണ്ണ ലഭ്യമാക്കി ശ്രീലങ്ക. അതേസമയം ഇത് ഉടന്‍ തന്നെ യൂറോപ്യന്‍ ഉപരോധത്തിന് വിധേയമായേക്കാമെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു. ദ്വീപ് രാഷ്ട്രം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ച അനുഭവിക്കുകയാണ്. ഇന്ധനത്തിന്റെയും മറ്റ് സുപ്രധാന വസ്തുക്കളുടെയും ദൗര്‍ലഭ്യം 22 ദശലക്ഷം ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. ശ്രീലങ്കയുടെ വിദേശനാണ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (സിപിസി) റിഫൈനറി മാര്‍ച്ചില്‍ അടച്ചുപൂട്ടിയിരുന്നു. ക്രൂഡ് ഇറക്കുമതിക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

റഷ്യന്‍ ക്രൂഡ് ഒരു മാസത്തിലേറെയായി തലസ്ഥാനമായ കൊളംബോ തുറമുഖത്തിന് പുറത്ത് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തിന് 75 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഊര്‍ജ മന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു. റഷ്യന്‍ ബാങ്കുകള്‍ക്കെതിരായ യുഎസിന്റെ നേതൃത്വത്തിലുള്ള ഉപരോധങ്ങളും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരായ നയതന്ത്ര പ്രതിഷേധവും അവഗണിച്ച് ക്രൂഡ്, കല്‍ക്കരി, ഡീസല്‍, പെട്രോള്‍ എന്നിവയുടെ നേരിട്ടുള്ള വിതരണം ക്രമീകരിക്കാന്‍ കൊളംബോ മോസ്‌കോയുമായി ചര്‍ച്ച നടത്തുന്നുണ്ട്. റഷ്യന്‍ എണ്ണയുടെ നേരിട്ടുള്ള വിതരണത്തിനായി റഷ്യന്‍ അംബാസഡറോട് ഔദ്യോഗിക അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്ന് വിജേശേഖര കൊളംബോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ക്രൂഡ് മാത്രം ഞങ്ങളുടെ ആവശ്യകത നിറവേറ്റില്ലെന്നും മറ്റ് ശുദ്ധീകരിച്ച (പെട്രോളിയം) ഉല്‍പ്പന്നങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് ആസ്ഥാനമായുള്ള ഇടനില കമ്പനിയായ കോറല്‍ എനര്‍ജിയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ശേഷം ഏകദേശം 90,000 ടണ്‍ സൈബീരിയന്‍ ലൈറ്റ് ക്രൂഡ് ശ്രീലങ്കയുടെ റിഫൈനറിയിലേക്ക് അയയ്ക്കും. സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (സിപിസി) ഇതിനകം 735 മില്യണ്‍ ഡോളര്‍ വിതരണക്കാര്‍ക്ക് കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അതിന്റെ ഓയില്‍ ടെന്‍ഡറുകള്‍ക്കായി ലേലം വിളിക്കാന്‍ പോലും ആരും മുന്നോട്ട് വന്നില്ലെന്നും വിജേശേഖര പറഞ്ഞു.

ഇറാനിയന്‍ ലൈറ്റ് ക്രൂഡിനായി ഒപ്റ്റിമൈസ് ചെയ്തിരിക്കുന്ന റിഫൈനറിക്ക് സൈബീരിയന്‍ ഗ്രേഡ് അനുയോജ്യമല്ലെന്നും എന്നാല്‍ മറ്റൊരു വിതരണക്കാരനും വായ്പ നീട്ടാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, സൈബീരിയന്‍ ലൈറ്റിന്റെ സ്റ്റോക്ക് തീരുന്നതിന് മുമ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ ശ്രീലങ്ക പുതിയ വിതരണ ടെന്‍ഡറുകള്‍ വിളിക്കുമെന്ന് വിജേശേഖര പറഞ്ഞു. കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള സപുഗസ്‌കന്ദ റിഫൈനറി രണ്ട് ദിവസത്തിനകം പ്രവര്‍ത്തനം പുനരാരംഭിക്കും. എണ്ണ ഉപരോധം ഉള്‍പ്പെടെ ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയ്ക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചയില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.

റഷ്യന്‍ എണ്ണ ഇതിനകം തന്നെ യുഎസ് ഉപരോധത്തിന് വിധേയമാണ്. ബാരല്‍ വില അന്താരാഷ്ട്ര മാനദണ്ഡങ്ങളില്‍ നിന്ന് കുത്തനെയുള്ള കിഴിവിലാണ് വ്യാപാരം നടത്തിയത്. ഇത് സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഗണ്യമായി ഉയര്‍ന്നു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി, പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് വാഹനമോടിക്കുന്നവരുടെ നീണ്ട ക്യൂ, പെട്രോള്‍, പാചക വാതകം എന്നിവയുടെ ക്ഷാമം ഉള്‍പ്പെടെ ശ്രീലങ്കയുടെ സ്ഥിതി അതീവ ഗുരുതരമാണ്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും രൂക്ഷമായ ദൗര്‍ലഭ്യം, റെക്കോര്‍ഡ് പണപ്പെരുപ്പം, ദിവസേന നീണ്ടുനില്‍ക്കുന്ന വൈദ്യുതി അഭാവം എന്നിവയ്ക്കൊപ്പം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഈ മാസമാദ്യം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ കലാപമായി പൊട്ടിപ്പുറപ്പെട്ടു. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved