
മുംബൈ: കഫേ കോഫീ ഡേ കമ്പനിയുടെ കടങ്ങള്‍ വീട്ടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്ന വേളയിലാണ് കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സിക്കാല്‍ ലോജിസ്റ്റിക്‌സ് യൂണിറ്റും വില്‍പനയ്ക്ക് വെക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. സിക്കാല്‍ ലോജിസ്റ്റിക്‌സ് വില്‍പനയിലൂടെ 1000 മുതല്‍ 1500 കോടി രൂപ വരെ കണ്ടെത്താനാണ് കമ്പനിയുടെ നീക്കമെന്നാണ് സൂചന. ഐസിഐസിഐ സെക്യൂരിറ്റീസാണ് ലോജിസ്റ്റിക്‌സ് വാങ്ങാന്‍ ആളെ ഏര്‍പ്പാടാക്കുന്നത്. ഏകദേശം 4400 കോടി രൂപയുടെ കടമാണ് കഫേ കോഫീ ഡേ കമ്പനിയ്ക്കുള്ളത്.
ഗ്ലോബല്‍ വില്ലേജ് ടെക്ക് പാര്‍ക്കിന്റെ വില്‍പന വഴി 2000 കോടി രൂപയുടെ കടം വീട്ടാനുള്ള നീക്കം നടക്കുകയാണെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. കടത്തില്‍ മുങ്ങിയ കഫേ കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം തല്‍ക്കാലം നീട്ടാന്‍ നീക്കമെന്ന് ഏതാനും ദിവസം മുന്‍പ് സൂചനകള്‍ പുറത്ത് വന്നിരുന്നു. കമ്പനിയിലേക്ക് നിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ബിസിനസ് വമ്പന്മാരായ കൊക്ക കോള, ഐടിസി എന്നീ കമ്പനികളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഓഹരി വില്‍ക്കാനുള്ള തീരുമാനം കഫേ കോഫീ ഡേ നീട്ടിവെച്ചിരിക്കുന്നത്.
നിലവില്‍ കോഫീ ബിസിനസിന്റെ കണക്കുകള്‍ നോക്കിയാല്‍ ലാഭം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ കടങ്ങള്‍ വീട്ടാന്‍ ഓഹരികള്‍ വില്‍ക്കുന്നതിന് മുന്‍പ് നിക്ഷേപകരെ എത്തിക്കാനാണ് ശ്രമമെന്നും കമ്പനി വക്താവ് അറിയിച്ചു. കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കടങ്ങള്‍ വീട്ടാനുള്ള ശ്രമത്തിലാണ് കുടുംബം. അതിന്റെ ആദ്യപടിയെന്നവണ്ണം കോഫീ ഡേ ഉടമസ്ഥതയിലുള്ള 90 ഏക്കര്‍ ടെക്‌നോളജി പാര്‍ക്ക് വില്‍ക്കാനൊരുങ്ങുന്നുവെന്നാണ് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
അമേരിക്കന്‍ കമ്പനിയായ ബ്ലാക്ക്‌സ്റ്റോണാകും ഇത് വാങ്ങുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മാത്രമല്ല ഇതിനായിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനായി 3000 കോടിയുടെ കരാറാകും തയാറാക്കുക എന്നാണ് വിവരം. ചര്‍ച്ച വിജയിച്ചാല്‍ കോഫി ഡേ സ്ഥാപകന്റെ കടം വീട്ടുന്നതിനുള്ള ആദ്യ ചുവടുവെപ്പാകും. ഓഹരികള്‍ വാങ്ങി കമ്പനി ഉടമസ്ഥത സ്വന്തമാക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ബ്ലാക്ക്സ്റ്റോണ്‍.