5 പ്രമുഖ ടയര്‍ കമ്പനികള്‍ക്ക് 1788 കോടി രൂപ പിഴ ചുമത്തി സിസിഐ

February 03, 2022 |
|
News

                  5 പ്രമുഖ ടയര്‍ കമ്പനികള്‍ക്ക് 1788 കോടി രൂപ പിഴ ചുമത്തി സിസിഐ

നിയമവിരുദ്ധ രീതിയില്‍ ടയര്‍ വില നിശ്ചയിക്കാന്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ അഞ്ചു പ്രമുഖ ടയര്‍ കമ്പനികള്‍ക്കും അവയുടെ സംഘടനക്കും വന്‍ തുക പിഴ നിശ്ചയിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). സിയറ്റ്, എംആര്‍എഫ്, അപ്പോളോ, ജെകെ ടയര്‍, ബിര്‍ള ടയേഴ്സ് എന്നീ ടയര്‍ നിര്‍മ്മാതാക്കളെയും ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷനെയുമാണ് (എടിഎംഎ) ശിക്ഷിച്ചത്. മൊത്തം 1788 കോടി രൂപയാണ് പിഴയായി അടയ്‌ക്കേണ്ടി വരിക.

അപ്പോളോ ടയേഴ്‌സിന് 425.53 കോടി രൂപയും എംആര്‍എഫിന് 622.09 കോടി രൂപയും സിയറ്റിന് 252.16 കോടി രൂപയും ജെകെ ടയറിന് 309.95 കോടി രൂപയും ബിര്‍ള ടയേഴ്‌സിന് 178.33 കോടി രൂപയും എടിഎംഎക്ക് 8.4 ലക്ഷം രൂപയുമാണ് മത്സര നിരീക്ഷണ സമിതി പിഴ ചുമത്തിയിരിക്കുന്നത്. കമ്പനികള്‍ പരസ്പരം മല്‍സരിക്കുന്നതില്‍ നിന്നുമാറി ഓരോരുത്തരും വില്‍ക്കുന്ന ക്രോസ് പ്ലൈ/ബയസ് ടയര്‍ വേരിയന്റുകളുടെ വില ഒത്തുകളിയിലൂടെ വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്നാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ചുമത്തിയ കുറ്റം.

വിപണിയിലെ ഉല്‍പാദനവും വിപണനവും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഈ നടപടി ഇടയാക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. ടയര്‍ നിര്‍മ്മാതാക്കള്‍ എടിഎംഎ വഴി വില സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും ടയറുകളുടെ വിലയില്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഇതാണ് സംഘടനക്കും പിഴ ചുമത്താന്‍ കാരണമായത്. 2011-2012 കാലത്തെ മത്സരവിരുദ്ധ കരാറുകള്‍ നിരോധിക്കുന്ന കോമ്പറ്റീഷന്‍ ആക്ടിലെ സെക്ഷന്‍ മൂന്നിലെ വ്യവസ്ഥകള്‍ അഞ്ച് ടയര്‍ നിര്‍മ്മാതാക്കളും എടിഎംഎയും ലംഘിച്ചിരിക്കുകയാണ്.

ടയറുകളുടെ ഉല്‍പാദനം, ആഭ്യന്തര വില്‍പന, കയറ്റുമതി എന്നിവയെക്കുറിച്ചുള്ള കമ്പനി തിരിച്ചുള്ളതും സെഗ്മെന്റ് തിരിച്ചുള്ളതുമായ വിവരങ്ങള്‍ എടിഎംഎ സമാഹരിച്ച് അംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു. മത്സര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മൊത്തം 1,788 കോടി രൂപ പിഴ ചുമത്തിയ റെഗുലേറ്ററുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ടയര്‍ കമ്പനികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

സ്വാഭാവിക റബറിന്റെ ഉപയോഗം കൂടുതലും ടയര്‍ മേഖലയിലാണെന്നിരിക്കെ റബര്‍ വിലയും ടയര്‍ വിലയും എത്ര വേണമെന്ന് നിശ്ചയിക്കാനുള്ള വഴിവിട്ട കളികളാണ് ടയര്‍ കമ്പനികള്‍ നടത്തിയിരുന്നതെന്നും അതിനേറ്റ തിരിച്ചടിയാണ് സിസിഐയുടെ നടപടിയെന്നും റബര്‍ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക റബറിന്റെ പ്രാദേശിക വില താഴ്ത്തി നിര്‍ത്താന്‍ സമാനമായ രീതിയില്‍ ടയര്‍ കമ്പനികളും അവരുടെ സംഘടനയും ഒത്തുകളിക്കുന്നതായി കേരളത്തിലെ റബര്‍ കര്‍ഷകര്‍ നേരത്തെ മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു.

Read more topics: # CCI, # സിസിഐ,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved