മൂന്നാം പാദത്തില്‍ 83 കോടി രൂപ അറ്റാദായം നേടി സിഡിഎസ്എല്‍; ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

February 07, 2022 |
|
News

                  മൂന്നാം പാദത്തില്‍ 83 കോടി രൂപ അറ്റാദായം നേടി സിഡിഎസ്എല്‍; ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) ഏകീകൃത അറ്റാദായം 2021 ഡിസംബറില്‍ അവസാനിക്കുന്ന മൂന്നാം പാദത്തില്‍ 83 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 54 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 55 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  മൂന്നാം പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ത്രൈമാസത്തിലെ 103 കോടിയില്‍ നിന്ന് 58 ശതമാനം ഉയര്‍ന്ന് 163 കോടി രൂപയായി. അതേസമയം തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ സിഡിഎസ്എല്‍ ഓഹരികള്‍ എന്‍എസ്ഇയില്‍ 3 ശതമാനത്തിലധികം താഴ്ന്നു.

2021 നവംബറില്‍ 5 കോടി ഡീമാറ്റ് അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ഡിപ്പോസിറ്ററിയായി സിഡിഎസ്എല്‍ മാറി. 91 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ മൂന്നാം പാദത്തില്‍ തുറന്നതായി കമ്പനി അറിയിച്ചു. ഇത് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ കൂട്ടിച്ചേര്‍ക്കലാണ്. അതേസമയം, ഡിമാറ്റ് കസ്റ്റഡിയിലുള്ള സെക്യൂരിറ്റികളുടെ മൂല്യം 2021 ഡിസംബര്‍ 31-ന് 36.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

1999 ഫെബ്രുവരിയില്‍ സെബിയില്‍ നിന്ന് ബിസിനസ്സ് ആരംഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിഡിഎസ്എല്‍ ഇന്ത്യയിലെ പ്രമുഖവും ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ ഡിപ്പോസിറ്ററിയാണ്. ഇത് ഇലക്ട്രോണിക് രൂപത്തില്‍ സെക്യൂരിറ്റികള്‍ കൈവശം വയ്ക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ഇടപാടുകള്‍ സുഗമമാക്കുന്നതിനും സഹായിക്കുന്നു. ബിഎസ്ഇ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, പിപിഎഫ്എഎസ് മ്യൂച്വല്‍ ഫണ്ട്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഷുറന്‍സ് ഭീമന്‍ എല്‍ഐസി എന്നിവയാണ് സിഡിഎസ്എലിന്റെ പ്രധാന ഓഹരി ഉടമകള്‍.

Related Articles

© 2025 Financial Views. All Rights Reserved