
ന്യൂഡല്‍ഹി: കോടിക്കണക്കിന് ഓഹരി നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ സൂക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വിസസ് ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) കെവൈസി രജിസ്റ്ററിങ് ഏജന്‍സിയായ സിഡിഎസ്എല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡില്‍ (സിവിഎല്‍) വന്‍ വിവരച്ചോര്‍ച്ച.
പത്തു ദിവസത്തിനിടെ രണ്ടു തവണയായി 4.39 കോടി നിക്ഷേപകരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നതായി ചണ്ഡിഗഢ് ആസ്ഥാനമായ സൈബര്‍ സുരക്ഷ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ 'സൈബര്‍ എക്‌സ് 9' ആണ് വെളിപ്പെടുത്തിയത്. അടിയന്തര നടപടിയിലൂടെ സി.വി.എല്‍ സുരക്ഷവീഴ്ച പരിഹരിച്ചതായി സിഡിഎസ്എല്‍ അറിയിച്ചു. ഒക്ടോബര്‍ 19ന് റിപ്പോര്‍ട്ട് ചെയ്ത സര്‍വറിലെ സുരക്ഷ വീഴ്ച ഏഴു ദിവസത്തിനകമാണ് പരിഹരിച്ചതെന്ന് 'സൈബര്‍ എക്‌സ് 9' അറിയിച്ചു.
അതേസമയം, സുരക്ഷ പ്രശ്‌നമോ വിവരച്ചോര്‍ച്ചയോ ഇല്ലെന്നാണ് സിഡിഎസ്എല്ലുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിക്ഷേപകരുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, പാന്‍, വരുമാന പരിധി, പിതാവിന്റെ പേര്, ജനനതീയതി, തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് 'സൈബര്‍ എക്‌സ് 9' ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. വിവരങ്ങള്‍ നേരത്തെ തന്നെ സൈബര്‍ മോഷ്ടാക്കള്‍ കവര്‍ന്നതായി സംശയിക്കുന്നതായും സിഡിഎസ്എല്ലില്‍ സുരക്ഷ ഓഡിറ്റ് നടത്തണമെന്നും 'സൈബര്‍ എക്‌സ് 9' ആവശ്യപ്പെട്ടു.