രാജ്യത്തെ സിമന്റ് ആവശ്യകത മെച്ചപ്പെടുന്നു; വിലയില്‍ മാറ്റമില്ല

February 20, 2021 |
|
News

                  രാജ്യത്തെ സിമന്റ് ആവശ്യകത മെച്ചപ്പെടുന്നു; വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: രാജ്യത്തെ സിമന്റ് ആവശ്യകത മെച്ചപ്പെടുന്നു എങ്കിലും വില നിര്‍ണയം താഴ്ന്ന നിലയില്‍ തുടരുകയാണെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ''ഞങ്ങളുടെ വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത് കാലാനുസൃതമായി ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണെന്നാണ്, ജനുവരി ആദ്യ ആഴ്ചകളില്‍ കണ്ട ദുര്‍ബലാവസ്ഥയില്‍ നിന്ന് വില്‍പ്പനയളവ് ശക്തമായി ഉയരുന്നു,'' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര, പശ്ചിമ ഇന്ത്യയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് വിലകള്‍ 1-2 ശതമാനം മെച്ചപ്പെട്ടു. അതേസമയം, രാജ്യവ്യാപകമായി വിലയിരുത്തിയാല്‍ ശരാശരി വില മുന്‍ പാദത്തെ അപേക്ഷിച്ച് 2 ശതമാനം കുറവാണ് നിലവിലുള്ളത്. അസംസ്‌കൃത ചെലവുകളുടെ വര്‍ധനയും ആശങ്ക ഉണര്‍ത്തുന്നുണ്ട്. പെറ്റ്‌കോക്ക്, കല്‍ക്കരി, ഡീസല്‍ എന്നിവയുടെ വില മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് യഥാക്രമം 71 ശതമാനം, 4 ശതമാനം, 26 ശതമാനം എന്നിങ്ങനെ വര്‍ധിച്ചിട്ടുണ്ട്.

സിമന്റ് വ്യവസായത്തിന്റെ ലാഭവിഹിതം തുടര്‍ച്ചയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും മുന്‍ വര്‍ഷവുമായുള്ള താരതമ്യത്തില്‍ അത് ഉയര്‍ന്നതായിരിക്കും എന്നാണ് കരുതുന്നത്.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 18 ശതമാനം വളര്‍ച്ചയാണ് വില്‍പ്പന അളവില്‍ പ്രതീക്ഷിക്കുന്നത്. കിഴക്ക്, വടക്ക്, മധ്യ ഭാഗം എന്നിവിടങ്ങളിലെ ആരോഗ്യകരമായ ആവശ്യകത തുടരുന്നതിനൊപ്പം പടിഞ്ഞാറന്‍ മേഖലയിലെ പുനരുജ്ജീവനവും ഫെബ്രുവരിയില്‍ ശക്തമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, തെക്കന്‍ മേഖലയില്‍ ഇത് ഇപ്പോഴും ദുര്‍ബലമായി തുടരുന്നു.

നഗര റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം എന്നിവയില്‍ വീണ്ടെടുപ്പ് ശക്തമാണ്. കൊറോണ ബാധയ്ക്കു ശേഷം ഇതാദ്യമായി മഹാരാഷ്ട്രയില്‍ വില്‍പ്പന അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ ആവശ്യകത ദുര്‍ബലമായി തുടരുന്നുവെങ്കിലും അത് പക്ഷേ തുടര്‍ച്ചയായി മെച്ചപ്പെടുന്നുണ്ട്. ആന്ധ്രയിലും തെലങ്കാനയിലും ശക്തമായ മുന്നേറ്റം കാണാം.

Read more topics: # Cement, # സിമന്റ്,

Related Articles

© 2025 Financial Views. All Rights Reserved