
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി തുടരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടും റിയല്‍എസ്റ്റേറ്റ് രംഗത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റം തന്നെയാണ് പ്രധാന കാരണം. മറ്റൊന്ന് നിര്‍മാണ തൊഴിലാളികളുടെ ദൗര്‍ലഭ്യവുമാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നു.
എറണാകുളം അടക്കമുള്ള വിവിധ ജില്ലകളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ തിരികെ എത്തിത്തുടങ്ങുന്നതേയുള്ളു. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലുള്ള നിര്‍മാണ ജോലിക്കാര്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നുണ്ട്. അതേസമയം കോവിഡ് ഇളവുകളില്‍ തിരികെ പോയ ഇതര സംസ്ഥാനക്കാരെ മേഖലയിലേക്ക് കൊണ്ട് വരുന്നതോട് കൂടി ഇക്കാര്യത്തില്‍ പ്രശ്നപരിഹാരമായേക്കാം.
മറ്റ് സംസ്ഥാനങ്ങളില്‍ റോഡുകള്‍, ദേശീയ പാതാ വികസനം പോലുള്ള അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിരവധി പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. അതിനാല്‍ കോവിഡ് സാഹചര്യം മുന്നില്‍ കണ്ട് ഇതര സംസ്ഥാനക്കാര്‍ തങ്ങളുടെ സ്ഥലങ്ങളിലെ തൊഴിലില്‍ തന്നെ വ്യാപൃതരാകുന്നുണ്ട്. എന്നാല്‍ അന്യ സംസ്ഥാനങ്ങളിലെ വേതനത്തെ അപേക്ഷിച്ച് കേരളത്തില്‍ വളരെ ഉയര്‍ന്ന വേതനവും ജീവിത സാഹചര്യങ്ങളുമാണെന്നതിനാല്‍ ഇത്തരക്കാര്‍ ഇവിടെ വീണ്ടും സജീവമായേക്കുമെന്ന് കൊച്ചിയിലെ പ്രധാന ബില്‍ഡര്‍മാരിലൊരാളായ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ കുമാര്‍ വി പറയുന്നു.
സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ വില വന്‍തോതില്‍ വര്‍ധിച്ചതാണ് നിലവിലെ പ്രധാനപ്രശ്നമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. വിവിധ നിര്‍മ്മാണ പദ്ധതികളുടെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 50 മുതല്‍ 80 ശതമാനമാണ് നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചിട്ടുള്ളത്. പുതിയ പദ്ധതികള്‍ക്ക് വില ഉയര്‍ത്തുകയല്ലാതെ തരമില്ലെന്ന് അസറ്റ് ഹോംസിന്റെ സുനില്‍കുമാര്‍ അഭിപ്രായപ്പെടുന്നു. സ്‌ക്വയര്‍ഫീറ്റിന് 370 രൂപ വരെ ഉയര്‍ത്തേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമന്റിന് വില കൂടിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം. കമ്പനികള്‍ സിമന്റിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്.
കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് നിര്‍മാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് സിമന്റിന് വിലകയറുന്നത്. കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങള്‍ക്ക് മുമ്പ് ഇതുയര്‍ന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകള്‍ ചേര്‍ത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്.