
പാലക്കാട്: സിമന്റ് വില നിര്‍ണയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പാക്കുന്നതിനായി 2 വര്‍ഷത്തിനകം മലബാര്‍ സിമന്റ്‌സിന്റെ ഉല്‍പാദനം ഇരട്ടിയാക്കാന്‍ പദ്ധതി ആരംഭിച്ചതായി മന്ത്രി പി. രാജീവ്. 6 ലക്ഷം ടണ്‍ ഉല്‍പാദനം 12 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും. സംസ്ഥാനത്ത് ആവശ്യമുള്ള സിമന്റിന്റെ 25 ശതമാനമെങ്കിലും ഇവിടെ ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം. മലബാര്‍ സിമന്റ്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി പോര്‍ട് ട്രസ്റ്റിലെ ഭൂമിയില്‍ പുതിയ ബ്ലെന്‍ഡിങ് യൂണിറ്റും മട്ടന്നൂര്‍ കിന്‍ഫ്ര ഭൂമിയില്‍ ഗ്രൈന്‍ഡിങ് യൂണിറ്റും ആരംഭിക്കും.
സര്‍ക്കാരിന്റെ കൈവശമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ ആരംഭിക്കും. ഈ യൂണിറ്റുകള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുവായ ക്ലിങ്കര്‍ ഇറക്കുമതി ചെയ്യും. ഖനനവുമായി ബന്ധപ്പെട്ട ചെലവും നടപടികളും കണക്കിലെടുക്കുമ്പോള്‍ ക്ലിങ്കര്‍ ഇറക്കുമതിയാണു ലാഭം. പൊതുമേഖലാ സ്ഥാപനങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ അവലോകനയോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും പങ്കെടുത്തു.