
ന്യൂഡല്‍ഹി: രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒവര്‍സീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ 51ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവിലയില്‍ 20ശതമാനം കുതിപ്പുണ്ടായി.
അതേസമയം, ഇരുബാങ്കുകളുടെയും സാമ്പത്തികസ്ഥിതി അത്രതന്നെ മികച്ചതല്ലാത്തതിനാല്‍ സ്വകാര്യവത്കരണത്തിന് തടസ്സമായേക്കാമെന്നാണ് വിലയിരുത്തല്‍. ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയിലായതിനാല്‍ നിലവില്‍ ഈ ബാങ്കുകള്‍ ആര്‍ബിഐയുടെ നിരീക്ഷണത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന്, എയര്‍ ഇന്ത്യ, ബിപിസിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്.