600 ശാഖകള്‍ അടച്ചുപൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ ബാങ്ക്

May 05, 2022 |
|
News

                  600 ശാഖകള്‍ അടച്ചുപൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ ബാങ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊമേഷ്യല്‍ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, 13 ശതമാനം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായാണ് രാജ്യത്തുടനീളമായി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 മാര്‍ച്ച് അവസാനത്തോടെ നഷ്ടത്തിലായ 600 ശാഖകള്‍ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തുകൊണ്ട് ശാഖകളുടെ എണ്ണം കുറയ്ക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

പണമിടപാട് മെച്ചപ്പെടുത്താന്‍ ബാങ്ക് സ്വീകരിച്ച ഏറ്റവും കടുത്ത നടപടിയാണിതെന്നും റിയല്‍ എസ്റ്റേറ്റ് പോലുള്ള പ്രധാനമല്ലാത്ത ആസ്തികള്‍ വില്‍ക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ബാങ്കിന് നിലവില്‍ 4,594 ശാഖകളുടെ ശൃംഖലയുണ്ട്.

റെഗുലേറ്ററി ക്യാപിറ്റല്‍, മോശം വായ്പകള്‍, ലിവറേജ് അനുപാതങ്ങള്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചതായി റെഗുലേറ്റര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ല്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ളവയെ ആര്‍ബിഐയുടെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) യുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനുശേഷം സെന്‍ട്രല്‍ ബാങ്ക് ഒഴികെയുള്ള എല്ലാ ബാങ്കുകളും അവരുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുകയും ആര്‍ബിഐയുടെ പിസിഎ ലിസ്റ്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഡിസംബര്‍ പാദത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2.82 ബില്യണ്‍ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.66 ബില്യണ്‍ രൂപയായിരുന്നു ലാഭം.

Related Articles

© 2024 Financial Views. All Rights Reserved