
വാഷിങ്ടണ്‍: ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിക്കുന്നു. കൊറോണ വൈറസ് കാരണമായി രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്. വില കുത്തനെ വര്‍ധിച്ച വേളയില്‍ വിറ്റതുവഴി വന്‍ ലാഭം കൊയ്യുകയായിരുന്നു കേന്ദ്രബാങ്കുകളുടെ ലക്ഷ്യം. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 12 ടണ്‍ സ്വര്‍ണം കേന്ദ്ര ബാങ്കുകള്‍ വിറ്റു എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 141 ടണ്‍ സ്വര്‍ണം വാങ്ങുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ നേരെ മറിയുന്നു എന്ന് വ്യക്തം.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. തുര്‍ക്കിയും ഉസ്ബെക്കിസ്താനുമാണ് ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. വൈകാതെ റഷ്യയും വില്‍പ്പന തുടങ്ങി. 13 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് റഷ്യ സ്വര്‍ണം വില്‍ക്കുന്നത്. 2010ന് ശേഷം കേന്ദ്ര ബാങ്കുകള്‍ ഇത്രയും വലിയ അളവില്‍ കൂട്ടത്തോടെ സ്വര്‍ണം വില്‍ക്കുന്നത് ആദ്യമാണ്. കൊറോണ കാരണം ലോകരാജ്യങ്ങള്‍ പ്രതിസന്ധിയിലാണ്. വിപണി സജീവമായി വരുന്നേയുള്ളൂ. ഈ വേളയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇതോടെ സ്വര്‍ണ വില കുത്തനെ ഉയരാന്‍ തുടങ്ങി. കേരളത്തില്‍ 40000 രൂപ കടന്നു പവന്റെ വില. ലോക വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ചായിരുന്നു ഇത്.
സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ഇത് അവസരമായി കണ്ടു. വലിയ ലാഭമാണ് അവര്‍ കൊയ്തത്. എന്നാല്‍ ഈ നീക്കത്തിന് തിരിച്ചടിയായിരുന്നു കേന്ദ്രബാങ്കുകളുടെ സ്വര്‍ണ വില്‍പ്പന. അതേസമയം, കേന്ദ്ര ബാങ്കുകള്‍ അടുത്ത വര്‍ഷം സ്വര്‍ണം വാങ്ങുന്നത് വര്‍ധിക്കുമെന്നാണ് സിറ്റിഗ്രൂപ്പിന്റെ പ്രവചനം. 2018-19 കാലയളവിലാണ് കേന്ദ്രബാങ്കുകള്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത്. ഇപ്പോള്‍ സ്വര്‍ണം വിറ്റതിലൂടെ ബാങ്കുകള്‍ വന്‍തോതില്‍ ലാഭമുണ്ടാക്കി എന്നതും എടുത്തുപറയേണ്ടതാണ്.
തുര്‍ക്കിയുടെ കേന്ദ്രബാങ്ക് ഇതുവരെ 22 ടണ്‍ സ്വര്‍ണമാണ് വിറ്റത്. ഉസ്ബെക്കിസ്താന്‍ ബാങ്ക് 34 ടണ്‍ സ്വര്‍ണവും വിറ്റു. സ്വര്‍ണവില റെക്കോഡിലെത്തിയതോടെ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. 2009ന് ശേഷം ആവശ്യക്കാര്‍ ഇത്രയും കുറഞ്ഞത് ആദ്യമാണ്. ഇന്ത്യയില്‍ ആവശ്യക്കാര്‍ പകുതിയായി കുറഞ്ഞു എന്നാണ് കണക്ക്. ലോകത്ത് വന്‍തോതില്‍ കരുതല്‍ സ്വര്‍ണമുള്ള ചൈനയിലും ആവശ്യക്കാര്‍ കുറഞ്ഞു.