
മുംബൈ: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നടപടികള്‍ പുനരാരംഭിച്ചതായും മാര്‍ച്ച് അവസാനത്തോടെ പല ഇടപാടുകളും പൂര്‍ത്തിയാകുമെന്നും പൊതുമേഖലാ ആസ്തി കൈകാര്യ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡേ അറിയിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) ആദ്യ ഓഹരി വില്‍പന (ഐപിഒ) ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നടക്കും. എയര്‍ ഇന്ത്യ, ബിപിസിഎല്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പവന്‍ ഹംസ്, ബെമ്ല്‍, നീലാചല്‍ ഇസ്പാത് നിഗം എന്നിവയുടെ സ്വകാര്യവല്‍ക്കരണവും ഇക്കൊല്ലം തന്നെ നടത്തുകയാണ് ലക്ഷ്യം. കോവിഡ് കാരണം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുകയായിരുന്നെന്ന് സെക്രട്ടറി പറഞ്ഞു.
കമ്പനികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിക്ഷേപകര്‍ പലരും മുന്നോട്ടുവന്നിട്ടുണ്ട്. 2021-22ല്‍ പൊതുമേഖലയുടെ ഓഹരി വില്‍പനയിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള ലക്ഷ്യം നേടാന്‍ എല്‍ഐസിയുടെ ഐപിഒ വളരെ പ്രധാനമാണ്. ഇതുവരെ 8368 കോടി രൂപ സമാഹരിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ആക്‌സിസ് ബാങ്ക്, എന്‍എംഡിസി, ഹഡ്‌കോ എന്നിവയിലെ ഓഹരി വിറ്റഴിച്ചാണിത്. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നു എന്ന പ്രഖ്യാപനം വന്നാലുടന്‍ അതിന്റ ഓഹരി വില കുതിക്കുന്നു. സ്വകാര്യമേഖല ആ കമ്പനി കൈകാര്യം ചെയ്യുന്നതാണ് വിപണിക്ക് ഇഷ്ടം എന്നാണ് അതിനര്‍ഥമെന്ന് സെക്രട്ടറി പറഞ്ഞു.