
ദില്ലി: രാജ്യത്തെ ദാരിദ്ര്യനിരക്ക് കൃത്യമായി അളന്ന് തിട്ടപ്പെടുത്താന്‍ പുതിയ ഏകകങ്ങള്‍ ഉള്‍പ്പെടുത്തും. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. വരുമാനത്തിന് പുറമേ പോഷകാഹാരം,കുടിവെള്ളം,പാചക ഇന്ധനം,ഭവനം എന്നിവയുടെ ലഭ്യതകളാണ് സര്‍ക്കാര്‍ സര്‍വേയില്‍ പരിശോധിക്കുക. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ ഇനി അടിസ്ഥാനമാകാന്‍ പോകുന്നത് പുതിയ സര്‍വേഫലങ്ങളായിരിക്കും. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പായിരിക്കും സര്‍വേ നടത്തുക. അതേസമയം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നീതി ആയോഗ് നിരീക്ഷിക്കും.
ആരോഗ്യം,വിദ്യാഭ്യാസം,ജീവിത നിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കി രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഐക്യരാഷ്ട്ര സഭയുടെ ബഹുതല ദാരിദ്ര്യ സൂചികയിലേക്ക് ഈ വിവരങ്ങള്‍ ഇന്ത്യ കൈമാറും. പുതിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ദാരിദ്ര്യ സൂചിക അനുസരിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീതി ആയോഗിന്റെ തീരുമാനം.