
ന്യൂഡല്‍ഹി: കഴിഞ്ഞ 6 വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ നികുതി പിരിവ് വര്‍ധിച്ചത് 300 ശതമാനത്തിലേറെ. പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കൂട്ടിയാണ് കേന്ദ്രം ഇന്ധനത്തില്‍ നിന്നും അധിക വരുമാനം കണ്ടെത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ 2014-15 കാലഘട്ടത്തില്‍ പെട്രോളില്‍ നിന്ന് 29,279 കോടി രൂപയും ഡീസലില്‍ നിന്ന് 42,881 കോടി രൂപയും നികുതി പിരിഞ്ഞുകിട്ടുകയായിരുന്നു. എന്നാല്‍ 6 വര്‍ഷങ്ങള്‍ക്കിപ്പുറം പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നുള്ള വരുമാനം 300 ശതമാനത്തിലേറെ കൂടി.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ 10 മാസം കൊണ്ടുതന്നെ 2.94 ലക്ഷം കോടി രൂപയാണ് പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളില്‍ നിന്ന് കേന്ദ്രം നികുതി വരുമാനം കണ്ടെത്തിയത്. 2014-2015 കാലത്തെ പ്രകൃതി വാതകങ്ങളില്‍ നിന്നുള്ള നികുതി കൂടി കണക്കിലെടുത്താലും 74,158 കോടി രൂപയായിരുന്നു കേന്ദ്രത്തിന്റെ മൊത്തം ഇന്ധന വരുമാനം. ഇതേസമയം, 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകങ്ങളില്‍ നിന്നുള്ള കേന്ദ്രത്തിന്റെ നികുതി വരുമാനം 2.95 ലക്ഷം കോടി രൂപയില്‍ എത്തിനില്‍ക്കുന്നത് കാണാം.
കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇന്ധനങ്ങളില്‍ നിന്നുള്ള നികുതി വരുമാനത്തിന്റെ ചിത്രം ഇന്ന് ലോക്സഭയില്‍ വെളിപ്പെടുത്തിയത്. 2014-15 കാലത്ത് സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 5.4 ശതമാനം മാത്രമായിരുന്നു പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകങ്ങള്‍ എന്നിവയുടെ സംഭാവന. എന്നാല്‍ 2020-21 വര്‍ഷം ഇത് 12.2 ശതമാനമായി ഉയര്‍ന്നു. 2014 -ല്‍ ലീറ്ററിന് 9.48 രൂപയുണ്ടായിരുന്നു എക്സൈസ് തീരുവ ഇപ്പോള്‍ 32.90 രൂപയാണ്. സമാനമായി ഡീസലിന്റെ എക്സൈസ് തീരുവ 3.56 രൂപയില്‍ നിന്നും 31.80 രൂപയായി വര്‍ധിച്ചു.
നിലവില്‍ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 91.17 രൂപയാണ്. ഇതില്‍ 60 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 36 ശതമാനം എക്സൈസ് തീരുവ കയ്യാളുന്നു. ദില്ലിയില്‍ ഒരു ലീറ്റര്‍ ഡീസലിന് 81.47 രൂപയാണ്. ഇതില്‍ 53 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. ഡീസലിന്റെ ചില്ലറ വില്‍പ്പന വിലയില്‍ 39 ശതമാനമാണ് കേന്ദ്രത്തിന്റെ എക്സൈസ് തീരുവ. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സമയത്തും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം സംഭവിക്കാതിരുന്നതിന് കാരണവും കേന്ദ്രത്തിന്റെ ഈ നികുതി വര്‍ധനവാണ്.