
ന്യൂഡല്‍ഹി: ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. നേരത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ 20 കോടി നിക്ഷേപവും 100 കോടി വരെ വിറ്റുവരവും ഉുള്ള സ്ഥാപനങ്ങളെ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയുടെ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. ചെറുകിട മേഖലയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇത് 50 കോടി വരെ നിക്ഷേപവും 250 കോടി വരെ വിറ്റിവരവും ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു. കയറ്റുമതിയിലൂടെയുള്ളത് കിഴിച്ചാവും ആകെ വിറ്റുവരവ് നിര്‍ണ്ണയിക്കുക. ചെറുകിട വ്യവസായ മേഖല വീണ്ടും സജീവമായെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു
നെല്ലുള്‍പ്പടെ പതിനാലു വിളകളുടെ താങ്ങുവില കേന്ദ്രം ഉയര്‍ത്തി. കാര്‍ഷിക വായ്പകളുടെ തിരിച്ചടവിനുള്ള സാവകാശം ഓഗസ്റ്റ് 31 വരെ നീട്ടി. ചെറുകിട ഇടത്തരം മേഖലയുടെ പരിധിയില്‍ 250 കോടി വരെ വിറ്റുവരവുള്ള കമ്പനികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള തീരുമാനം മന്ത്രിസഭ വിലയിരുത്തി.
ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ തുടര്‍ നടപടിയാണ് രണ്ടാം നരേന്ദ്രമാദി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. നെല്ലും പരുത്തിയും ഉള്‍പ്പടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടി. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1815ല്‍ നിന്ന് 1868 രൂപയായാണ് കൂട്ടിയത്. കാര്‍ഷിക വായ്പകളുടെ മാര്‍ച്ച് മുതലുള്ള തവണ അടയ്ക്കുന്നതിന് മേയ് 31 വരെ സാവകാശം നല്‍കിയിരുന്നു. ഇത് ഓഗസ്റ്റ് 31 വരെയായി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.
കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് 2 ശതമാനത്തിന്റെ അധിക സബ്‌സിഡി നല്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള തീരുമാനം മന്ത്രിസഭ വിലയിരുത്തി. ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കാനുള്ള കേന്ദ്ര തീരുമാനം ദില്ലി ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ തള്ളിയതോടെ സാമ്പത്തികസ്ഥിതി പഴയനിലയിലേക്ക് മടങ്ങുന്നത് വൈകും.