ഭെല്‍ ഇഎംഎല്‍ ഓഹരികള്‍ സര്‍ക്കാരിന് നല്‍കുന്നു; കൈമാറുന്നത് 51 ശതമാനം ഓഹരി

May 13, 2021 |
|
News

                  ഭെല്‍ ഇഎംഎല്‍ ഓഹരികള്‍ സര്‍ക്കാരിന് നല്‍കുന്നു;  കൈമാറുന്നത് 51 ശതമാനം ഓഹരി

തിരുവനന്തപുരം: കാസര്‍കോട് പ്രവര്‍ത്തിക്കുന്നു ഭെല്‍ ഇഎംഎല്‍ (ഭാരത് ഹെവി ഇലക്ടിക്കല്‍ ലിമിറ്റഡ്- ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ്) കമ്പനിയുടെ ഓഹരി കേരള സര്‍ക്കാരിന് വിട്ടുനല്‍കാനുളള നടപടികള്‍ ആരംഭിച്ചു. നിലവില്‍ കേന്ദ്ര- കേരള സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് ഭെല്‍ ഇഎംഎല്‍.

കമ്പനിയുടെ 51 ശതമാനം ഓഹരിയാണ് സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത്. ഓഹരി വിട്ടുനല്‍കാന്‍ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് വില്‍പ്പന കരാര്‍ രേഖകള്‍ സംസ്ഥാന വ്യവസായ വകുപ്പിന് കൈമാറിയിട്ടുണ്ട്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡ്ക്കയിലാണ് ഇഎംഎല്‍ സ്ഥിതി ചെയ്യുന്നത്. ഓഹരി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ രണ്ട് വര്‍ഷത്തോളമാണ് നീണ്ടുപോയത്.

കമ്പനിയിലെ ജീവനക്കാര്‍ക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ ഹൈക്കോടതി ഇടപെടുകയും മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ മാസം ഹൈക്കോടതി തള്ളിയിരുന്നു.

ഭെല്‍ കൈമാറിയ കരാര്‍ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട് കൈമാറുകയും അതിനെ തുടര്‍ന്ന് ഭെല്‍ ഇഎംഎല്‍ ബോര്‍ഡ് ചേരുകയും ഓഹരി കൈമാറ്റ കരാറിന് അംഗീകാരം നല്‍കുകയും വേണം. കമ്പനിയുടെ ഓഹരി കൈമാറ്റത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ബോര്‍ഡിലെ ഭെല്‍ പ്രതിനിധികള്‍ രാജിവയ്ക്കണം. തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ചുമതലയേല്‍ക്കുകയും വേണം. ഇതോടെ ഓഹരി കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകും.

Related Articles

© 2025 Financial Views. All Rights Reserved