
മുംബൈ: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയര്‍ത്താനുളള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയ്ക്കായി പ്രത്യേകമായി പൊരുത്തപ്പെടുന്ന നൂതനവും ഗവേഷണ-അധിഷ്ഠിതവുമായ സാങ്കേതികവിദ്യയിലൂടെ ഗ്രാമങ്ങളില്‍ ശാശ്വതവും പരിവര്‍ത്തനപരവുമായ മാറ്റം വരുത്താന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണ മേഖലയിലെയും ഖാദിയിലെയും വ്യവസായങ്ങള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 88,000 കോടി രൂപ ഉത്പാദിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ വാര്‍ധയിലെ മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ ഹിന്ദി സര്‍വകലാശാലയില്‍ നടന്ന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ വ്യവസായങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ചരക്കുകള്‍ മികച്ച രീതിയില്‍ വിപണനം ചെയ്താല്‍ നന്നായി വില്‍പ്പന ഉയര്‍ത്താന്‍ കഴിയും. ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചയുടെ അഭാവം മൂലം സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തെ ജനസംഖ്യയുടെ 30% ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കുടിയേറ്റം ഉണ്ടായതായും നിതിന്‍ ഗഡ്കരി പറഞ്ഞു.
ഗ്രാമീണ ദരിദ്രര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി എം എസ് എം ഇ മേഖലയുടെ സംഭാവന 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 6.5 കോടി എം എസ് എം ഇ യൂണിറ്റുകള്‍ ഗ്രാമീണ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ഞങ്ങള്‍ പാശ്ചാത്യവല്‍ക്കരണത്തെ അനുകൂലിക്കുന്നില്ല, പക്ഷേ ഗ്രാമങ്ങളില്‍ ഞങ്ങള്‍ ആധുനികവല്‍ക്കരണത്തെ അനുകൂലിക്കുന്നു. സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള സമയമാണിത്,' നിതിന്‍ ഗഡ്കരി പറഞ്ഞു.