ആദ്യം ഇന്ത്യയില്‍ വാഹനം നിര്‍മ്മിക്കൂ, നികുതിയിളവ് അതിനുശേഷം പരിഗണിക്കാം; ടെസ്‌ലയോട് തുറന്നടിച്ച് കേന്ദ്ര സര്‍ക്കാര്‍

September 13, 2021 |
|
News

                  ആദ്യം ഇന്ത്യയില്‍ വാഹനം നിര്‍മ്മിക്കൂ, നികുതിയിളവ് അതിനുശേഷം പരിഗണിക്കാം; ടെസ്‌ലയോട് തുറന്നടിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയോട് ഇന്ത്യയില്‍ വാഹന നിര്‍മാണം ആരംഭിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. നികുതിയുമായി ബന്ധപ്പെട്ട ഇളവുകളെ സംബന്ധിച്ച് അതിന് ശേഷം പരിഗണിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്‌ല നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു വാഹന നിര്‍മാണക്കമ്പനിക്കും സര്‍ക്കാര്‍ അത്തരം ഇളവുകള്‍ നല്‍കുന്നില്ലെന്നും ടെസ്‌ലയ്ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇന്ത്യയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ച മറ്റ് കമ്പനികള്‍ക്ക് നല്ല സൂചന നല്‍കില്ലെന്നും ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍, പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 60 ശതമാനം മുതല്‍ 100 ശതമാനം വരെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ ഈടാക്കുന്നു, എഞ്ചിന്‍ വലുപ്പവും ചെലവും, ഇന്‍ഷുറന്‍സ്- ചരക്ക് (സിഐഎഫ്) മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇത് ചുമത്തുന്നത്. കസ്റ്റംസ് മൂല്യം കണക്കിലെടുക്കാതെ ഇലക്ട്രിക് കാറുകളുടെ തീരുവ 40 ശതമാനം എന്ന നിലയില്‍ മാനദണ്ഡമാക്കണമെന്നാണ് സര്‍ക്കാരിനോട് ടെസ്‌ല ആവശ്യപ്പെട്ടിരുന്നത്.

ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ഇവി ഇക്കോസിസ്റ്റത്തിന്റെ വികസന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും, വില്‍പ്പന, സേവനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ കമ്പനി നേരിട്ട് നിക്ഷേപം നടത്തുമെന്നും കമ്പനി പ്രസ്താവിച്ചു. ആഗോള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള സംഭരണം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ടെസ്‌ലയ്ക്ക് പദ്ധതിയുണ്ട്. ടെസ്‌ലയുടെ ഈ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയില്‍ പ്രതികൂല സ്വാധീനം ചെലുത്തുകയില്ലെന്നും കമ്പനി വാദിക്കുന്നു. ഇ-വാഹനങ്ങളില്‍ രാജ്യത്തിന്റെ ഊന്നല്‍ കണക്കിലെടുത്ത് ടെസ്‌ലയ്ക്ക് ഇന്ത്യയില്‍ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള സുവര്‍ണ്ണാവസരമുണ്ടെന്ന് നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.

Read more topics: # tesla, # ടെസ്‌ല,

Related Articles

© 2025 Financial Views. All Rights Reserved