
ന്യൂഡല്‍ഹി: കര്‍ഷക ബില്ലില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചപ്പോള്‍ മറു തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ കര്‍ഷക നിയമങ്ങള്‍ താങ്ങുവില ഇല്ലാതാക്കുമെന്നും ഇത് വന്‍കിട കമ്പനികളെ മാത്രം സഹായിക്കുന്നതാണെന്നും പ്രതിപക്ഷം വാദിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ നെല്ല് സംഭരണം വേഗത്തിലാക്കി. എട്ട് ദിവസത്തിനിടെ 5.73 ലക്ഷം ടണ്‍ നെല്ലാണ് പഞ്ചാബിലും ഹരിയാനയിലും താങ്ങുവില പ്രകാരം സംഭരിച്ചിരിക്കുന്നത്. ഇതിന് വേണ്ടി 1082.46 കോടി രൂപയാണ് ചെലവാക്കിയത്.
സെപ്റ്റംബര്‍ 26നാണ് നെല്ല് സംഭരണം ആരംഭിച്ചത്. 41084 കര്‍ഷകരില്‍ നിന്നായിരുന്നു നെല്ല് ഇത് വരെ സംഭരിച്ചത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മാത്രമാണ് സെപ്തംബര്‍ 26 ന് നെല്ല് സംഭരണം തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ സെപ്റ്റംബര്‍ 28 നാണ് നെല്ല് സംഭരിച്ചത്. ഈ വര്‍ഷം ക്വിന്റലിന് 1868 രൂപയാണ് നെല്ലിന് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില. എ ഗ്രേഡ് നെല്ലിന് 1888 രൂപ ലഭിക്കും.
പ്രതിഷേധം ശക്തമായിരിക്കെ മുന്‍കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഓരോ ദിവസവും സംഭരിക്കുന്ന ധാന്യവിളകളുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നുണ്ട്. താങ്ങുവില പുതിയ നിയമപ്രകാരം ഇല്ലാതാകില്ലെന്ന് സ്ഥാപിക്കാനും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രതിഷേധങ്ങളെ മുളയിലേ ഇല്ലാതാക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.