
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ സ്വകാര്യവത്കരിക്കും. എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീവ് സിംഗ് പൂരി രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കിയത്. നിലവില്‍ എയര്‍ ഇന്ത്യക്ക് 15 കോടി രൂപയുടെ നഷ്ടം പ്രതിദിനം ഉണ്ടാകുന്നുണ്ടെന്നാണ് മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കിയിട്ടുള്ളത്. കമ്പനിയുടെ ആസ്തി വില്‍പ്പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യക്ക് പുനര്‍ ജീവന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യക്ക് 58,352 കോടി രൂപയുടെ കട ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്നും, ഇതില്‍ 29,464 കോടി രൂപ പ്രത്യേക വിഭാഗത്തിലെ കമ്പനിയിലോ ഉള്‍പ്പെടുത്തി പരിഹാര നടപടികള്‍ ആരംഭിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിട്ടുള്ളത്.
എന്നാല്‍ ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യയുടെ കടം പൂര്‍ണമായി വീട്ടാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഓഹരി വിറ്റഴിക്കുന്നതിന് വേണ്ടി പുതിയ സമിതിയെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും. 2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയത്. അതേസമയം സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതില്‍ ഇപ്പോള്‍ 2,500 കോടി രൂപ മാത്രമാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും, എണ്ണ കമ്പനികളുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍ ഇന്ത്യ ഈ തുക ചിലവാക്കിയേക്കും.
അതേസമയം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം കഴിഞ്ഞ വര്‍ഷം പാജയപ്പെട്ടിരുന്നു. ഓഹരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ വരാത്തത് മൂലം വലിയ പ്രതിസന്ധിയാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയുടെ ആകെ കടം മാര്‍ച്ച് മാസം വരെ 58,351 കോടി രൂപയായെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി രാജ്യസഭയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടത്താന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചിട്ടും നിക്ഷേപകര്‍ ആരും തന്നെ എത്താതിരുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.എന്നാല്‍ ആസ്തി വില്‍പ്പനയിലൂടെ കൂടുതല്‍ തുക സമാഹരിക്കുമെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ആസ്തി വില്‍പ്പനയിലൂടെ കമ്പനിയുടെ വാര്‍ഷിക പലിശ 4,400 കോടി രൂപയില്‍ നിന്ന് 2,700 കോടി രൂപയായി കുറക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തത് മൂലം എയര്‍ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.