വായ്പ മൊറട്ടോറിയം ഡിസംബര്‍ അവസാനം വരെ നീട്ടുമോ?

July 18, 2020 |
|
News

                  വായ്പ മൊറട്ടോറിയം ഡിസംബര്‍ അവസാനം വരെ നീട്ടുമോ?

ന്യൂഡല്‍ഹി: കോവിഡ്-19 പശ്ചാത്തലത്തില്‍ അനുവദിച്ച വായ്പ മൊറട്ടോറിയം ഡിസംബര്‍ അവസാനം വരെ നീട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഇതുവരെ വ്യക്തമായൊരു തീരുമാനമെടുത്തിട്ടില്ലെങ്കിലും, മൊറട്ടോറിയം കാലാവധി ഇനിയും നീട്ടി നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കുമായും മറ്റു ധനകാര്യവിദഗ്ധരുമായും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുവരികയാണെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ രണ്ടു തവണയായി ഓഗസ്റ്റ് 31 വരെയാണ് വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 14 ശതമാനമായി ഉയരുമെന്നാണ് ആഗോള റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍പ് പുവറിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചില പൊതുമേഖലാ ബാങ്കുകള്‍ക്ക് മാര്‍ച്ച് പാദ ഫലങ്ങള്‍ മികച്ചതായിരുന്നെങ്കിലും മൊത്തത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ കുത്തനെ ഉയര്‍ന്നാണുള്ളത്.

സ്വകാര്യ ബാങ്കുകളുടെ ഇരട്ടിയിലേറെയാണ് പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രീയ ആസ്തി. കോവിഡ് വ്യാപനവും അനുബന്ധ വായ്പ മൊറട്ടോറിയവും ബാങ്കുകളുടെ കിട്ടാകടം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കോവിഡ് വിതച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ ബാങ്കിംഗ് മേഖല മുക്തമാവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാമെന്നാണ് റേറ്റിങ് ഏജന്‍സികള്‍ വിലയിരുത്തുന്നത്. കോവിഡ് വ്യാപനം കാരണമുണ്ടാകുന്ന പ്രതിസന്ധി നേരിടാന്‍ കരുതിയിരിക്കണമെന്ന്, കഴിഞ്ഞ ആഴ്ച എസ്ബിഐ ബാങ്കിംഗ് കോണ്‍ക്ലേവില്‍ സംസാരിക്കവെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് റിസര്‍വ് ബാങ്ക് ടേം ലോണുകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യഘട്ടത്തില്‍, മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെയുള്ള മൂന്ന് മാസത്തെ (ഇഎംഐ) തിരിച്ചടവിനാണ് വായ്പ മൊറട്ടോറിയം അനുവദിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ തുടര്‍ച്ചയായി നീട്ടിയ പഞ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കഴിയാതെ ബിസിനസ് തുടങ്ങാനോ ആളുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കാനോ സാധിക്കില്ലെന്ന് കാണിച്ച് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെ ഇത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved