
തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. പെട്രോള്‍ എക്സൈസ് തീരുവ അഞ്ചു രൂപയും ഡീസല്‍ എക്സൈസ് തീരുവ 10 രൂപയുമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്.
പുതുക്കിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസല്‍ വില 93 രൂപ 52 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 70 പൈസയാണ്. ഡീസല്‍ വില 91 രൂപ 49 പൈസയും. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103 രൂപ 97 പൈസയായി. ഡീസല്‍ ലിറ്ററിന് 92 രൂപ 57 പൈസയായും താഴ്ന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എക്സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.
സെപ്റ്റംബറില്‍ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില കൂടാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെയുള്ള വില വര്‍ധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വര്‍ധിച്ചത്.