
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള തുകയുടെ പരിധി 5000 ത്തിലേക്കുയര്‍ത്തി. എ, ബി കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് 5000 രൂപയുടെ വരെ സമ്മാനങ്ങള്‍ ഇനി മുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വീകരിക്കാന്‍ സാധിക്കും. നേരത്തേ ഈ പരിധി 1500 രൂപയായിരുന്നു. ഗ്രൂപ്പ് സി ജീവനക്കാരുടേത് 500 രൂപയില്‍നിന്നു 2000 രൂപയാക്കി ഉയര്‍ത്തി. സീനിയര്‍ ഓഫിസര്‍മാരാണ് ഗ്രൂപ്പ് എയില്‍ പെടുന്നത്. ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഓഫിസര്‍മാരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളാണ് ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്നത്. സമ്മാനം കൈപ്പറ്റുന്നകാര്യത്തില്‍ ഇവരെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. പദവികളിലുള്ളവര്‍ക്ക് തുല്യരാക്കുന്നതിനാണ് ഇതിനുള്ള ചട്ടം ഭേദഗതി ചെയ്തത്.
സൗജന്യ താമസം, യാത്ര, തുടങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അടുത്ത ബന്ധുക്കളില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ അല്ലാതെ ലഭിക്കുന്ന ഏതു നേട്ടവും സമ്മാനമായി കണക്കാക്കും. എന്തു സമ്മാനത്തിന്റെയും മൂല്യം നിശ്ചയിക്കപ്പെട്ട പരിധിക്കു മുകളിലാണെങ്കില്‍ സര്‍ക്കാരിനെ അറിയിക്കണമെന്നാണു ചട്ടം. ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും ആതിഥ്യം സ്വീകരിക്കുന്നതിനും ഇതു സംബന്ധിച്ച ചട്ടങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങളുമുണ്ട്. ഭക്ഷണം വാങ്ങിനല്‍കല്‍, വാഹനത്തില്‍ കയറ്റല്‍ തുടങ്ങിയ ആതിഥ്യമര്യാദകളൊന്നും നിലവിലെ ചട്ടപ്രകാരം പാരിതോഷികമായി കണക്കാക്കില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശികളായ നേതാക്കളില്‍നിന്നു സ്വീകരിക്കാവുന്ന സമ്മാനത്തിന്റെ പരിധി 1000 രൂപയെന്നതും നീക്കിയിട്ടുണ്ട്.