
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയായി ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തിലുള്ള വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില കുത്തനെ കൂട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. പ്രതിദിനം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം വാങ്ങുന്നവരെയാണ് ബള്‍ക്ക് പര്‍ച്ചേസറായി പരിഗണിക്കുന്നത്. പൊതുപമ്പുകളെ അപേക്ഷിച്ച് മൂന്ന് മുതല്‍ നാല് രൂപ വരെ കുറവിലാണ് കെഎസ്ആര്‍ടിസിക്കടക്കം ഡീസല്‍ ലഭിച്ചിരുന്നത്. പൊതു പമ്പുകളിലേതുപോലെ വന്‍കിട ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാറില്ല. ഈ പതിവ് തെറ്റിച്ചാണ് ഒറ്റയടിക്ക് 6.73 രൂപ വര്‍ധിപ്പിച്ചത്.
ഇതോടെ കെഎസ്ആര്‍ടിസിക്ക് ഒരു ലിറ്റര്‍ ഡീസലിന് പൊതു പമ്പുകളിലേതിനെക്കാള്‍ 4.5 രൂപ അധികം നല്‍കണം. ഡീലര്‍ കമീഷന്‍ കൂടിയാകുന്നതോടെ ഇത് ആറ് രൂപയാകുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊതു പമ്പുകളെ ഒഴിവാക്കി ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗങ്ങളില്‍ കൈവെച്ചതെന്നാണ് വിവരം.
അധിക തുക നല്‍കി ഐഒസി ഡീസല്‍ വാങ്ങേണ്ടതില്ലെന്നാണ് പ്രാഥമിക ധാരണ. പ്രതിസന്ധി മറികടക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ആലോചിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിക്ക് എട്ട് ഔട്ട്‌ലെറ്റ് പമ്പുകളുണ്ട്. പരമാവധി ബസുകള്‍ ഇവിടെനിന്ന് ഇന്ധനം നിറക്കാനാണ് തീരുമാനം. സ്വകാര്യപമ്പുകളില്‍ നിന്ന് എണ്ണയടിക്കാനും നീക്കമുണ്ട്.
പൊതുവിപണിയിലും ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിനും നാല് രൂപ വരെ നികുതിയിളവുള്ള കര്‍ണാടകയില്‍ നിന്ന് ഇന്ധനമെത്തിക്കാനും ഇവ വടക്കന്‍ ജില്ലകളില്‍ വിതരണം ചെയ്യാനും ആലോചനയുണ്ട്. 2013ല്‍ പൊതുവിപണിയെ അപേക്ഷിച്ച് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിന്റെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇത് കുറക്കാതെ പൊതുവിപണിയിലെ വില ഉയര്‍ത്തിയാണ് അന്ന് നിരക്ക് ഒപ്പത്തിനൊപ്പമെത്തിച്ചത്. ഈ അനുഭവം മുന്‍നിര്‍ത്തി പൊതുവിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നതിന്റെ സൂചനകൂടിയാണ് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിന് വരുത്തിയ വര്‍ധനയെന്ന് വിലയിരുത്തലുണ്ട്.