
കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ എത്തിക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുങ്ങുന്നു. ഇടനിലക്കാരനില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് കച്ചവടക്കാരിലേക്ക് എത്തിക്കാന്‍ കര്‍ഷകന് കഴിയും. ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. നിലവില്‍ 60 വര്‍ഷം പഴക്കമുള്ള അവശ്യ ചരക്കു നിയമമാണ് ഇന്ത്യയില്‍ പ്രാബല്യത്തിലുള്ളത്. നിയമം ഭേദഗതി ചെയ്യാനുള്ള അനുമതി ബുധനാഴ്ച്ച കേന്ദ്ര ക്യാബിനറ്റ് പാസാക്കി. ഭേദപ്പെട്ട വിലയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകരെ പര്യാപ്തരാക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം.
അവശ്യഭക്ഷ്യ ഉത്പന്നങ്ങളായ ഉള്ളി, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തും. ഇതേസമയം, ദേശീയ ദുരന്തങ്ങള്‍ പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ ഇവയ്ക്ക് മേല്‍ സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്താനും കേന്ദ്രത്തിന് ആലോചനയുണ്ട്. പുതിയ നടപടി കര്‍ഷകരുടെ വരുമാനം കൂട്ടുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര തോമാര്‍ ബുധനാഴ്ച്ച അറിയിച്ചു. ഉത്പന്നങ്ങള്‍ക്ക് ഭേദപ്പെട്ട വില ഉറപ്പാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ഭേദഗതി ആവിഷ്‌കരിക്കും.
മെയ് മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് കര്‍ഷകരെ പിന്തുണച്ച് നിയമം ഭേദഗതി ചെയ്യുന്നത്. കാര്‍ഷികോത്പന്നങ്ങളില്‍ തടസ്സരഹിതമായ വില്‍പ്പന ഉറപ്പാക്കാന്‍ 'ഫാര്‍മിങ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ്' ഓര്‍ഡിനന്‍സിനും കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച്ച അംഗീകാരം നല്‍കി. ഒപ്പം മൊത്തക്കച്ചവടക്കാര്‍, വന്‍കിട-ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍ തുടങ്ങിയവരുമായി നേരിട്ട് ഇടപെടുമ്പോള്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ 'പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ്' ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്തായാലും നിയമം ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ നിക്ഷേപകരുടെ ആശങ്കകള്‍ വിട്ടൊഴിയുമെന്നാണ് പ്രതീക്ഷ.